ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ തൊട്ടടുത്താണെന്ന് ഖത്തർ
ദോഹ: ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ തൊട്ടടുത്താണെന്ന് മധ്യസ്ഥതയ്ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായിരുന്ന പ്രധാന തടസ്സങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. പക്ഷെ കുറേ വിഷയങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും. ഗസ്സയിലെ വെടി നിര്‍ത്തല്‍ അരികിലെത്തിയതായും ശുഭപ്രതീക്ഷയോടെ കാത്തിരിക്കാമെന്നും ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായ ഡോക്ടര്‍ മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മില്‍ ഭിന്നതയുള്ള വിഷയങ്ങൾ നിരവധിയുണ്ടായിരുന്നു. എന്നാൽ രണ്ടാഴ്ചക്കിടയിലെ ചർച്ചകളിൽ ഇവയിൽ കാര്യമായ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 15 മാസമായി തുടരുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായതായി വിദേശ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കരാർ സംബന്ധിച്ച കരട് നിർദേശങ്ങൾ ഇസ്രായേലിനും ഹമാസിനും കൈമാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസ് പ്രസിഡൻറ് ജോ ബൈഡനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്നലെ ഫോണിൽ ചർച്ച നടത്തുകയും ചെയ്തു. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ മിഡിൽഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ മിഡിൽഈസ്റ്റ് കോർഡിനേറ്റർ ബ്രെറ്റ് മക്ഗര്‍ക്ക്, മുതിർന്ന ഹമാസ് നേതാവ് ഡോ. ഖലീൽ അൽ ഹയ്യ എന്നിവരുമായും അമീർ കൂടികാഴ്ചകൾ നടത്തിയിരുന്നു.Gaza