ഏഷ്യൻ വൻകരയിലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്
ദോഹ: ഏഷ്യൻ വൻകരയിലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ടാം തവണയാണ് അഫീഫ് പുരസ്‌കാരത്തിന് അർഹനാകുന്നത്. ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന എ.എഫ്.സി വാർഷിക പുരസ്‌കാര ചടങ്ങിലാണ് വൻകരയുടെ മികച്ച താരമായി അക്രം അഫീഫ് തെരഞ്ഞെടുക്കപ്പെട്ടത്.Akram
ഖത്തർ ആതിഥേയത്വം വഹിച്ച ഏഷ്യൻ കപ്പിലെ മിന്നും പ്രകടനമാണ് ഖത്തറിന്റെ മുന്നേറ്റനിര താരത്തിന് തുണയായത്. എട്ട് ഗോളുമായി ടൂർണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു അഫീഫ്. ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിന്റെ താരമായ അക്രം ക്ലബിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്നു.
2019 ലാണ് നേരത്തെ ഏഷ്യൻ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അക്രം അഫീഫിനെ കൂടാതെ ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ, ജോർഡന്റെ യസാൻ അൽ നഇമത് എന്നിവരാണ് അവസാന മൂന്നിൽ ഉണ്ടായിരുന്നത്.