ക്വാറം തികഞ്ഞില്ല, എരുമേലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി
കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 14 യു.ഡി.എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് കാരണം.
പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥി ഇല്ലാത്തതാണ് യു.ഡി.എഫ് വിട്ട് നിൽക്കാൻ കാരണം. ഈ മാസം 29ന് രാവിലെ 10.30ന് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
24 അംഗ എരുമേലി പഞ്ചായത്തിൽ യു.ഡി.എഫിന് 14 അംഗങ്ങളും എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഭരണം പട്ടിക വർഗ സംവരണമാണ്. രണ്ടു പേരെ പട്ടിക വർഗത്തിൽ നിന്ന് യു.ഡി.എഫ് മത്സരിപ്പിച്ചെങ്കിലും അവർക്ക് ജയിക്കാനായില്ല. എന്നാൽ, നിലവിൽ എൽ.ഡി.എഫിലെയും ബി.ജെ.പിയിലെയും ഓരോ അംഗങ്ങൾ പട്ടിക വർഗക്കാരാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
29ന് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ക്വാറം പ്രശ്നമായി വരില്ല. ഏഴ് അംഗങ്ങളുടെ ഭൂരിപക്ഷമുള്ള എൽ.ഡി.എഫിന്റെ പട്ടിക വർഗ അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.
അതേസമയം, ഉച്ചക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർഥി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.
