ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനെ നോട്ടമിട്ട് ഇ.സി.ബി; സാധ്യത പട്ടികയിൽ വമ്പൻ പേരുകളും

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി). പകരക്കാരുടെ സാധ്യത പട്ടികയിൽ മുൻ ഇന്ത്യൻ പരിശീലകനും ഇതിഹാസ താരവുമായ സാക്ഷാൽ രാഹുൽ ദ്രാവിഡും ഇടംപിടിച്ചുവെന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ചാവിഷയം.
കഴിഞ്ഞ മാസം ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന പരമ്പരയിലെ (2-1) ദയനീയ തോൽവിക്ക് പിന്നാലെയാണ് മക്കല്ലത്തെ ഇ.സി.ബി പുറത്താക്കിയത്. എന്നാൽ അദ്ദേഹം വൈറ്റ് ബോൾ (ഏകദിന, ടി20) ടീമുകളുടെ പരിശീലകനായി തുടരും.
ചുരുക്കപ്പട്ടികയിൽ ദ്രാവിഡും ആൻഡി ഫ്ലവറും
ബ്രിട്ടീഷ് മാധ്യമമായ ‘ഡെയ്‌ലി ടെലഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസിബി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രാഹുൽ ദ്രാവിഡിന് പുറമെ മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്ലവർ, മുൻ സ്പിന്നർ റിച്ചാർഡ് ഡോസൺ എന്നിവരുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിലുള്ള ദ്രാവിഡിന്റെ ആഴത്തിലുള്ള അറിവും, അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലന ശൈലിയുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ആകർഷിച്ച പ്രധാന ഘടകങ്ങൾ. 2024-ൽ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചതും 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിനെ എത്തിച്ചതും 53-കാരനായ ദ്രാവിഡിന്റെ പരിശീലക മികവിന്റെ മാറ്റുകൂട്ടുന്നു.
ദ്രാവിഡിന് താല്പര്യമുണ്ടോ?
ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം മുഴുവൻ സമയ കോച്ചിങ് റോളിലേക്ക് മടങ്ങാൻ ദ്രാവിഡിന് നിലവിൽ ‘താല്പര്യമില്ല’ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റായതിനാൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചുമതല ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്. ടെസ്റ്റ് ടീമിന്റെ മാത്രം പരിശീലകനാകുമ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നതും ദ്രാവിഡിനെ ഈ തീരുമാനത്തിലേക്ക് ആകർഷിച്ചേക്കാം.
മറുവശത്ത്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അടുപ്പിച്ച് രണ്ട് ഐ.പി.എൽ കിരീടങ്ങൾ നേടിക്കൊടുത്ത ആൻഡി ഫ്ലവറാണ് പട്ടികയിലെ മറ്റൊരു പ്രധാനി. മുൻപ് ഫ്ലവറിന് കീഴിൽ ഇംഗ്ലണ്ട് മൂന്ന് ആഷസ് പരമ്പരകൾ നേടുകയും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. ഗ്ലോമർഗന്റെ നിലവിലെ മുഖ്യ പരിശീലകനായ റിച്ചാർഡ് ഡോസണും ശക്തനായ സ്ഥാനാർത്ഥിയാണ്.
മറ്റ് സാധ്യതാ താരങ്ങൾ
ഈ മൂന്ന് പേർക്ക് പുറമെ മറ്റ് ചില പ്രമുഖ പേരുകളും ഇസിബിയുടെ പരിഗണനയിലുണ്ട്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര, ഇംഗ്ലണ്ട് ലയൺസ് കോച്ച് ആൻഡ്രൂ ഫ്ലിന്റോഫ്, മുൻ പാകിസ്താൻ പരിശീലകൻ മൈക്ക് ഹെസ്സൻ, മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് പ്രമുഖർ.
അടുത്ത വർഷം നടക്കാനിരിക്കുന്ന ആഷസ് പരമ്പര മുന്നിൽക്കണ്ടാണ് മക്കല്ലത്തെ മാറ്റി പുതിയ പരിശീലകനെ കൊണ്ടുവരാൻ ഇസിബി തിടുക്കം കൂട്ടുന്നത്. നാല് വർഷത്തെ കാലയളവിൽ 49 ടെസ്റ്റുകളിലാണ് മക്കല്ലം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചത്. ഇതിൽ 27 എണ്ണത്തിൽ ജയിച്ചപ്പോൾ 20 എണ്ണത്തിൽ പരാജയപ്പെട്ടു. നാട്ടിൽ മികച്ച റെക്കോർഡാണെങ്കിലും (28-ൽ 18 ജയം), ഇന്ത്യയിലടക്കം വിദേശ പിച്ചുകളിൽ നേരിട്ട കനത്ത തോൽവികളാണ് മക്കല്ലത്തിന് വിനയായത്.
