രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ വിവാദം; എസ്പിക്ക് പരാതി നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
സിപിഐഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഇ- മെയിൽ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത് . പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്പി പറഞ്ഞു. പൊലീസിൽ പരാതി നൽകാൻ കോൺഗ്രസ് സിപിഐഎമ്മിനെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നടപടി.
വീഡിയോ പത്തനംതിട്ട സിപിഐഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് നേരത്തെ വാർത്ത പുറത്തു വന്നിരുന്നു. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അബദ്ധത്തിൽ അപ്‌ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. തുടർന്ന് പേജ് അഡ്മിൻ പാനലിനെ ഉടച്ചു വർക്കുകയും ചെയ്ത്തിരുന്നു. എന്നാൽ ഹാക്കിങ് എന്നായിരുന്നു ജില്ലാ സെക്രട്ടറി ഉദയബാനുവിന്റെ നിലപാട്. എന്നാൽ സംഭവം വിവാദമായി 24 മണിക്കൂർ വരെ പരാതി നൽകിയതുമില്ല. ഇതും വാർത്ത ആയതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന പരാതി നൽകിയത്. സംഭവത്തിൽ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിവരം തേടിയിരുന്നു .
63000 ഫോളോവേഴ്‌സ് ഉള്ള സിപിഐഎം പത്തനംതിട്ട എന്ന പേജിലാണ് കഴിഞ്ഞദിവസം രാത്രി വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ കണ്ടപാടെ അണികൾ ഒന്ന് അമ്പരന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ പിൻവലിച്ചു. വീഡിയോ വന്നതിനു പിന്നിൽ സാങ്കേതികമായി നുഴഞ്ഞു കയറാൻ കഴിയുവുള്ള കോൺഗ്രസ് പ്രവർത്തകർ എന്നാണ് ആരോപണം.
പത്തനംതിട്ടയിലെ സിപിഐഎം പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അതിന്റെ തെളിവാണ് എഫ്ബി പോസ്റ്റ് എന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.