റാഷിദ് വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 27 റൺസ് വിജയം
ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 190ൽ റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈ ഇന്ത്യൻസിന്റെ കരുത്തായത്. 49 പന്തിൽ 103 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചെടുത്തത്.|Mumbai win by 27 runs against Gujarat
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം മുതലേ പാളി. 50 റൺസ് കൂട്ടിചേർക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് വീണത്. വൃദ്ധിമാൻ സാഹ( 5 പന്തിൽ 2), ശുഭ്മാൻ ഗിൽ (9 പന്തിൽ 6), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ( 3 പന്തിൽ 4) എന്നിവർ ഒന്നിനു പുറകേ ഒന്നായി പുറത്തായപ്പോൾ പിടിച്ചു നിന്നത് വിജയ് ശങ്കറും( 14 പന്തിൽ 29) ഡേവിഡ് മില്ലറും(26 പന്തിൽ 41) മാത്രമാണ്. ഡേവിഡ് മില്ലർ ക്രീസ് വിടുമ്പോൾ സ്കോർ 100.
പിന്നാലെ എത്തിയ അഭിനവ് മനോഹർ( 3 പന്തിൽ 2), രാഹുൽ തെവാത്തിയ( 13 പന്തിൽ 14) എന്നിവർ പ്രത്യേകിച്ച് സംഭാവനകൾ ഒന്നും നൽകാതെ ക്രീസ് വിട്ടു. എന്നാൽ മുംബൈയുടെ നാലു വിക്കറ്റ് പിഴുത ആത്മവിശ്വാസത്തിൽ ഏഴാം വിക്കറ്റിൽ ക്രീസിലെത്തിയ റാഷിദ് ഖാന്റെ അവിശ്വസനീയ ഇന്നിങ്സിനാണ് പിന്നീട് വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എട്ടാം വിക്കറ്റിൽ റാഷിദ് ഖാൻ–അൽസാരി ജോസഫ് സഖ്യം നേടിയത് 88 റൺസിന്റെ കൂട്ടുകെട്ടാണ്.
മുംബൈക്കായി 6 സിക്സറുകളും 11 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. നാലു നിർണായക വിക്കറ്റുകൾ വീഴ്ത്തി റാഷിദ് ഖാൻ ഒരു ഘട്ടത്തിൽ മുംബൈയ്ക്ക് പ്രതിരോധം സൃഷ്ടിച്ചെങ്കിലും സൂര്യകുമാറിലൂടെ മുംബൈ അത് അനായാസം മറികടന്നു. ഓപ്പണർ ഇഷാൻ കിഷനും( 20 പന്തിൽ 31) ക്യാപ്റ്റൻ രോഹിത് ശർമ(18 പന്തിൽ 29) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 61ൽ നിൽക്കെ രോഹിത് പുറത്തായി. പിന്നാലെ ക്രീസിലെത്തിയത് സൂര്യകുമാർ യാദവ്.
Read Also:വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ കന്നിസെഞ്ച്വറിയുടെ ശോഭയിൽ സൂര്യകുമാർ യാദവ്
വാങ്കഡേ സ്റ്റേഡിയം പിന്നീട് കണ്ടത് ഒരു സൂര്യ ഷോ തന്നെയായിരുന്നു. നെഹാൽ വധേര(7 പന്തിൽ 15), മലയാളിയായ വിഷ്ണു വിനോദ്( 20 പന്തിൽ 30) എന്നിവർ സൂര്യകുമാറിന് പിന്തുണയുമായി ക്രീസിലെത്തി. അവസാന പന്തുവരെ ബാറ്റുവീശിയ സൂര്യകുമാർ അവസാന പന്തിൽ സിക്സർ പറത്തി ഒരു സെഞ്ചറികൂടി സ്വന്തം പേരിൽ ചേർത്തു. ഗുജറാത്തിനായി മോഹിത് ശർമ ഒരു വിക്കറ്റു വീഴ്ത്തി.
Pingback: സ്പെയിനിന് പുതിയ രാജക്കന്മാർ; ..barsalona & spain.