കാരണം അജ്ഞാതം?; സ്‌പെയിനിലും പോര്‍ച്ചുഗലിലും പവര്‍കട്ടില്‍ വലഞ്ഞ് ജനങ്ങള്‍
നിനച്ചിരിക്കാതെയുണ്ടായ അത്യപൂര്‍വ്വ പവര്‍കട്ടില്‍ വലഞ്ഞിരിക്കുകയാണ് സ്‌പെയിനിലും പോര്‍ച്ചുഗലിലുമുള്ള സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇരുരാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകള്‍ വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് ദിവസത്തിന്റെ ഭൂരിഭാഗവും ഇരുട്ടില്‍ ചിലവഴിച്ചു. ഉച്ചഭക്ഷണ സമയത്ത് വൈദ്യുതി പൂര്‍ണമായും തടസ്സപ്പെട്ടതായി ജനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും വലിയ പവര്‍കട്ടിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നാണ് ഇരുരാജ്യങ്ങളുടെയും അധികാരികള്‍ അറിയിച്ചിരിക്കുന്നത്.unknown
താപനിലയിലെ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ‘അപൂര്‍വ്വ അന്തരീക്ഷ പ്രതിഭാസ’മാണ് പവര്‍കട്ടിന് കാരണമെന്ന് പോര്‍ച്ചുഗലിന്റെ വൈദ്യുതി ഓപ്പറേറ്റര്‍ അറിയിച്ചെങ്കിലും യഥാര്‍ഥ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നുവെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അതേ സമയം സൈബര്‍ ആക്രമണം മൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെയായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പുറമെ മെട്രോ സ്റ്റേഷനുകളാകെ ഇരുട്ടില്‍ മുങ്ങി. ഇവിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത വൈദ്യുത പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പെയിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാര്യങ്ങള്‍ സാധാരണ നിലയിലാകാന്‍ മണിക്കൂറുകളെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ മണിക്കൂറുകള്‍ അല്ല ദിവസങ്ങള്‍ തന്നെ കഴിഞ്ഞേക്കാമെന്ന് പോര്‍ച്ചുഗല്‍ അധികാരികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.