25 കേന്ദ്രങ്ങളിൽ ബോധവത്ക്കരണം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളുമായി റെഡ് ക്രോസ്സ്
മഞ്ചേരി: മഞ്ചേരി താലൂക്ക് ഓഫീസിൽ ചേർന്ന റെഡ് ക്രോസിൻ്റെ താലൂക്ക് തല യോഗമാണ് വിവിധ പ്രവർത്തന പരിപാടികൾ ആവിഷ്ക്കരിച്ചത്. താലൂക്കിലെ പന്ത്രണ്ടു പഞ്ചായത്തുകൾ, രണ്ട് നഗരസഭകൾ എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളുടെയും പതിനൊന്ന് വിദ്യാലയങ്ങളിൽ ജെ.ആർ.സി യും ഉൾപ്പെടെ 25 കേന്ദ്രങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും. മഞ്ചേരി ഗവ. മെഡിക്കൽ കോളെജിൽ നിർദ്ദേശ/സൂചനാ ബോർഡുകൾ സ്ഥാപിക്കും. ഡി.ഡി.ആർ.ടി, ജെ.ആർ.സി, വൈ.ആർ.സി എന്നീ സംഘങ്ങളെ പ്രവർത്തന സജ്ജമാക്കും. താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച്, ആശുപത്രികൾ, പോലീസ് – ഫയർ സ്റ്റേഷനുകൾ, പ്രാദേശിക ഭരണകൂടങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ ഉപയോഗപ്പെടുത്തി സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റെഡ് ക്രോസ്സ് താലൂക്ക് പ്രസിഡൻ്റു കൂടിയായ ഏറനാട് തഹസിൽദാർ എം.കെ. കിഷോർ യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ എൻ. വി. മറിയുമ്മ, സെക്രട്ടറി ഷാജി കെ പവിത്രം, വൈസ് ചെയർമാൻ ഉമ്മർ കാവനൂർ, ജില്ലാ ഡി.ഡി.ആർ.ടി കോഡിനേറ്റർ ടി. ഉവൈസ്, മുഹമ്മദലി ചെരണി, എം. മുഹമ്മദ് ഷാഫി, വി. അഹമ്മദ് ഷഹീർ തുടങ്ങിയവർ സംസാരിച്ചു