സിദ്ദീഖിന് ആശ്വാസം; ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

Siddique's arrest in rape case soon? Siddique is absconding

 

ഡൽ​ഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിൻ്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രിംകോടതി. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുൽ റോഹ്ത്തി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളും സുപ്രിംകോടതിയിൽ ഫയൽ ചെയ്തിരുന്നു‌.

തനിക്ക് 67 വയസായെന്നും അത് പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന് നടൻ അറിയിച്ചു. അതേസമയം മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അതിജീവത എതിർത്തു. അമ്മ സംഘടനയുടെ ശക്തനായ നേതാവാണ് സിദ്ദീഖ് എന്ന് അതിജീവിതയുടെ അഭിഭാഷക ഐശ്വര്യ ഭാട്ടി അറിയിച്ചു. പക്ഷെ പരാതി നൽകാൻ കാലതാമസം ഉണ്ടായെന്ന വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.

അതേസമയം സംസ്ഥാന സർക്കാറിനെയും കോടതി വിമർശിച്ചു. എട്ടു വർ‌ഷമായി സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. എന്നാൽ റിപ്പോർട്ട് വന്ന സാഹചര്യമായതിനാലാണ് ഇപ്പോൾ പരാതി നൽകിയതെന്ന് സംസ്ഥാനം കോടതിയിൽ അറിയിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിച്ചു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് നിരീ​ക്ഷിക്കുകയും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സർക്കാരോ പരാതിക്കാരോ അല്ലാത്തവർ ഇടപെടാൻ പറ്റില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *