ഡൽഹി ദുരന്ത ബാധിതർക്ക് സഹായം നൽകിയത് പണമായി; നിയമം ലംഘിച്ച് കൈമാറിയത് 1.99 കോടി രൂപ

disaster

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക് ആശുപത്രിക്ക് പുറത്ത് വെച്ച് തന്നെ പണം നൽകിയതായി റിപ്പോർട്ട്. ഡൽഹിയിലെ മൂന്ന് ആശുപത്രികളുടെ മോർച്ചറികൾക്ക് മുൻപിൽ വെച്ച് പണമായി ഇന്ത്യൻ റെയിൽവേ അധികൃതർ നഷ്ടപരിഹാരം വിതരണം ചെയ്യുകയായിരുന്നു. ദേശീയ മാധ്യമമായ ന്യൂസ് ലോൺഡ്രി ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. മരിച്ചവരുടെ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വരെ ഇത്തരത്തിൽ കൈമാറിയിട്ടുണ്ട്.disaster

സഹായധനവുമായി ബന്ധപ്പെട്ട 2023 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അടിയന്തര ആശ്വാസം എന്ന നിലയിൽ 50,000 രൂപ വരെ റെയിൽവേയ്ക്ക് പണമായി നൽകാൻ സാധിക്കുകയുള്ളു. ബാക്കിയുള്ളവ ചെക്ക്, ആർ‌ടി‌ജി‌എസ്, എൻ‌ഇ‌എഫ്‌ടി അല്ലെങ്കിൽ മറ്റ് ഓൺലൈൻ പേയ്‌മെന്റ് മോഡുകൾ വഴി മാത്രമേ നൽകാൻ പാടുള്ളു. ഈ നിയമം ലംഘിച്ച് കൊണ്ടാണ് നോട്ടുകെട്ടുകൾ ആശുപത്രിക്ക് പുറത്ത് വെച്ച് വിതരണം ചെയ്തത്.

ശനിയാഴ്ച രാത്രിയോടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ 14 സ്ത്രീകൾ ഉൾപ്പടെ 13 പേരാണ് മരിച്ചത്. ഡോ. റാം മനോഹർ ലോഹ്യ, ലോക് നായക് ജയ് പ്രകാശ് നരേൻ, ലേഡി ഹാർഡിങ് എന്നീ ആശുപത്രികളിൽ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ എല്ലാവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.

ഇന്നലെ തന്നെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും, നിസാര പരിക്കുകൾക്ക് 1 ലക്ഷം രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ആയി ആകെ 1.99 കോടി രൂപ റെയിൽവേ അധികൃതർ പണമായി വിതരണം ചെയ്തതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ കുടുംബങ്ങൾക്കും നഷ്ടപരിഹാരം പണമായി നൽകിയതായി നോർത്തേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ഉപാധ്യായ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *