ജോലിയിൽ തുടരാൻ താൽപര്യമില്ല; ഗുജറാത്തിൽ വിരലുകൾ മുറിച്ചുമാറ്റി യുവാവ്
ഗുജറാത്ത്: ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കാണിക്കാൻ സ്വയം കൈവിരലുകൾ മുറിച്ചുമാറ്റി യുവാവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മയൂർ താരാപര എന്നയാളാണ് ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനെ തുടർന്ന് ഇടതു കൈയിലെ നാല് വിരലുകൾ മുറിച്ചു മാറ്റിയത്. അനഭ് ജെംസ് എന്ന തന്റെ ബന്ധുവിന്റെ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു മയൂർ. ജോലിയിൽ തുടരാൻ താൽപര്യമില്ലാത്ത കാര്യം ബന്ധുവിനെ അറിയിക്കാൻ ധൈര്യമില്ലാത്തതിനെ തുടർന്നാണ് യുവാവ് കൃത്യം ചെയ്തത്. വിരൽ നഷ്ടപ്പെട്ടാൽ ജോലിയിൽനിന്ന് അയോഗ്യനാക്കുമെന്ന് യുവാവ് കരുതിയതായും സൂറത്ത് പൊലീസ് പറയുന്നു.Gujarat
സംഭവം മറച്ചുവെക്കാൻ മയൂർ സ്വയം ഒരു കഥ മെനഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോർ സൈക്കിളിൽ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുന്ന വഴി റോഡരികിൽ വെച്ച് തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ വിരലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവന്നുമാണ് മയൂർ പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ വെളിപ്പെടുത്തലിൽ വിരലുകൾ ബ്ലാക് മാജിക്കിനായി കൊണ്ടുപോയതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
എന്നാൽ, സിസിടിവി പരിശേധനയിൽ മയൂർ തന്നെയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായി. അംറോളി റിംങ് റോഡിന് സമീപം രാത്രി പത്ത് മണിയോടെ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്ത് യുവാവ് വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് വിരലുകളും കത്തിയും ഒരു ബാഗിലാക്കി വലിച്ചെറിഞ്ഞു. പിന്നീട് സുഹൃത്തുക്കൾ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അംറോളി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.