പെറുവിനെതിരെ മെസി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്; ശാരിരീക സ്ഥിതി മോശമെന്ന് താരം
ചിലിക്കെതിരെയുള്ള മത്സരത്തിനിറങ്ങിയപ്പോള്‍ ശാരീരിക അവസ്ഥ അനുകൂലമായിരുന്നില്ലെന്ന പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ പെറുവിനെതിരെ താരം കളിച്ചേക്കില്ല എന്ന വാര്‍ത്തയും പുറത്ത് വന്നു. 30-ന് ഇന്ത്യന്‍ സമയം 5.30നാണ് പെറുവിനെതിരെയുള്ള അര്‍ജന്റീനയുടെ മത്സരം. പനിയും തൊണ്ടവേദനയും അവഗണിച്ചാണ് ചിലിക്കെതിരായ മത്സരത്തില്‍ കളിച്ചതെന്ന് താരം പ്രതികരിച്ചിരുന്നു. മാത്രമല്ല ആദ്യ പകുതിയില്‍ വലതുകാലിലെ തുടയില്‍ പരിക്കേറ്റിട്ടും മെസി മൈതാനം വിട്ടിരുന്നില്ല. കളിക്കിടെ ഈ പരിക്കും ശാരീരിക ക്ഷീണവും പ്രകടമായിരുന്നു.Messi
നിലവില്‍ ക്വര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട് അര്‍ജന്റീന. അതിനാല്‍ തന്നെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാത്ത കളിക്കാരെ പെറുവിനെതിരെയുള്ള മത്സരത്തില്‍ ഇറക്കുമെന്ന് കോച്ച് സ്‌കലോണി വ്യക്തമാക്കിയതോടെയാണ് മെസ്സി പെറുവിനെതിരെ ഇറങ്ങില്ലെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ഇതുവരെ ഇറങ്ങാത്ത താരങ്ങളെ കളത്തില്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ അത് അര്‍ഹിക്കുന്നുവെന്നും സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മെസിയുടെ പരിക്കിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും കോച്ച് വ്യക്തമാക്കിയിട്ടില്ല. പരിക്ക് ഗുരുതരമല്ലെന്നാണ് മത്സരശേഷം മെസി പറഞ്ഞത്. കൂടുതല്‍ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു എന്നും സൂചനയുണ്ട്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് പെറുവിനെതിരെയുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരം നടക്കുന്നത്. ചിലിക്കെതിരെ ഒരു ഗോള്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതിനാല്‍ പെറുവിനെതിരെയുള്ള മത്സരം പ്രധാനപ്പെട്ടതല്ല.