ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ രോഹിതും കോഹ്ലിയും; ബി.സി.സി.ഐ ഇളവ് ഈ താരത്തിന് മാത്രം
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ സീനിയർ താരങ്ങൾ. ഏകദിന-ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ദുലീപ് ട്രോഫിയിൽ കളിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ക്രിക്കറ്റിൽ ഇറങ്ങണമെന്ന് സീനിയർ താരങ്ങളോട് സീനിയർ സെലക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടതായാണ് വിവരം. സെപ്റ്റംബർ അഞ്ചിനാണ് ടൂർണമെന്റ് ആരംഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബർ അഞ്ച്, 12, 19 എന്നീ തീയ്യതികളിലാണ് നിലവിൽ മത്സരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.cricket
രോഹിതിനും കോഹ്ലിക്കും പുറമെ ശുഭ്മാൻഗിൽ, കെ.എൽ രാഹുൽ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ് എന്നിവരും ദുലീപ് ട്രോഫിയിൽ കളിക്കും. അതേസമയം, ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പിന് ശേഷം വിശ്രമമനുവദിക്കണമെന്ന താരത്തിന്റെ ആവശ്യം ബി.സി.സി.ഐ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
കോഹ്ലിയും രോഹിത്തും വർഷങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിനു പുറമേയുള്ള ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ദുലീപ് ട്രോഫിയിലെ താരങ്ങളുടെ പ്രകടനം കൂടി വിലയിരുത്തിയാകും ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ്ൻ ടീമിനെ പ്രഖ്യാപിക്കുക. ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിൽ സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ബംഗ്ലാ പര്യടനത്തിലെ ആദ്യ ടെസ്റ്റ് സെപ്തംബർ 19ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ്.