രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്, ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസൻസ് ഒരാൾക്കുമില്ല: കാന്തപുരത്തിനെതിരെ റോജി എം. ജോൺ

തിരുവനന്തപുരം: സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ രംഗത്ത്. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും അടുക്കളയിൽ നിന്ന് അരങ്ങുകളിലേക്കെത്തിയ സ്ത്രീകളെ അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന പ്രതിലോമകരമായ ചിന്താഗതി ദൗർഭാഗ്യകരമാണെന്ന് മന്ത്രി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യത്തെക്കുറിച്ചും വേദികളിലെ പ്രാതിനിധ്യത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങളാണ് നിലവിലെ വിവാദത്തിന് കാരണം.

‘മാറ് മറക്കാനുള്ള അവകാശത്തിനായി ഉജ്വലമായ പോരാട്ടം നടന്ന നാടാണിത്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വേദിയിൽ കയറി പ്രസംഗിച്ച്, കെ. കേളപ്പജിക്ക് ശേഷം നിരാഹാരം കിടക്കാമെന്ന് പ്രഖ്യാപിച്ച ആര്യ പള്ളത്തിന്റെ നാടാണ്. പുലയടീച്ചർ എന്ന വിളികേട്ട് തളർന്ന് വീഴാതെ വീണ്ടും പോരാടി ഇന്ത്യൻ ഭരണഘടനയിൽ തന്റെ പ്രാതിനിധ്യം എഴുതിച്ചേർത്ത ദാക്ഷായണി വേലായുധന്റെ നാടാണ്. “ഞാനാണ് നേതാവ്, ആദ്യം എനിക്ക് നേരെ വെടിവെക്ക്” എന്ന് പറയാൻ ഭയപ്പെടാത്ത അക്കാമ്മ ചെറിയാന്റെ നാടാണ്. ചരിത്രത്തിൽ പേര് രേഖപ്പെടുത്തപ്പെട്ടവരും ഇല്ലാത്തവരുമായ അസംഖ്യം മനുഷ്യർ വെട്ടിത്തെളിച്ച വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങൾ നേടിയെടുത്തതെന്ന്’ ഓർമിപ്പിക്കുന്ന രീതിയിലാണ് മന്ത്രിയുടെ കുറിപ്പ്.

‘ഇന്ത്യയൊട്ടാകെ നോക്കിയാൽ സാവിത്രിഭായ് ഫൂലയെ പോലുള്ളവർ കൊളുത്തിവെച്ച വിദ്യാഭ്യാസത്തിന്റെ വെളിച്ചമാണ് കോടിക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയത്. ഇവിടെ ഭൂമിയിൽ മാത്രമല്ല, അങ്ങ് ശൂന്യാകാശത്തും ഇടം കണ്ടെത്തിയ സുനിത വില്യംസിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ദീർഘകാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധിയും മുതൽ ജെസിന്ത ആർഡൻ വരെ ലോകവേദിയിൽ ഭരണപാടവവും സംഘടനാ ശേഷിയും തെളിയിച്ച എത്രയോ മഹിളാരത്നങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സിവിൽ സർവീസിലും ഗവേഷണ-ശാസ്ത്ര സാങ്കേതിക മേഖലകളിലും മലയാളി പെൺകുട്ടികൾ അടക്കമുള്ളവർ വിസ്മയങ്ങൾ തീർക്കുകയാണെന്നും’ മന്ത്രി പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

‘ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിനെ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുർമുവെന്ന വനിതയാണ്. അഡ്വ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി കേരളത്തിന്റെ നിയമസഭയെ നിയന്ത്രിക്കുകയാണ്. കേരളത്തിലെ ആദ്യ ദളിത് വനിത മന്ത്രി കെ.എ തുളസി ടീച്ചറും, അഡ്വ. ബിന്ദു കൃഷ്ണയും കേരളത്തിന്റെ ഭരണത്തെ നയിക്കുകയാണെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണ്. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ഭരണഘടനാപരമായ ആ തുല്യതയെ റദ്ദ് ചെയ്യാനുള്ള ലൈസൻസ് ഒരാൾക്കുമില്ല. ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ്. അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയും’ എന്ന് റോജി എം. ജോൺ വ്യക്തമാക്കി.

ആഘോഷങ്ങളിലും മറ്റ് പരിപാടികളിലും സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ സ്റ്റേജുകളിലോ പൊതുഇടങ്ങളിലോ കൊണ്ടുവരരുതെന്നും പ്രദർശിപ്പിക്കരുതെന്നും വ്യക്തമാക്കി സമസ്ത കാന്തപുരം വിഭാഗം ഒരു നിർദേശം/സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ കൊച്ചിയിൽ നടന്ന കോൺഫറൻസിൽ സംസാരിക്കവേ, സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് നാശത്തിന് കാരണമാകുമെന്നും, സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. മതപരമായ ഇത്തരം നിലപാടുകൾ മുൻപും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

പ്രസ്താവന ഭരണഘടനാപരമായ തുല്യതയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും എതിരാണെന്നും കാലഘട്ടത്തിന് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-മഹിളാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യാവകാശമുണ്ടെന്നും, രാജ്യത്തിന്റെ പ്രസിഡന്റ് വരെ വനിതയായ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.