തിരക്കിൽ മരിച്ചവരുടെ ഉറ്റവർക്ക് മോർച്ചറിക്ക് മുന്നിൽ 10 ലക്ഷം രൂപ പണമായി നൽകി; നടപടി ചട്ടലംഘനം എന്ന് വിമർശനം

Rs 10 lakh cash given to relatives of those who died in rush hour in front of morgue; action criticized as violation of norms

 

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകിയ രീതിയെ ചൊല്ലി വിവാദം. ഡൽഹിയിലെ മൂന്ന് ആശുപത്രികളിലെ മോർച്ചറികൾക്ക് മുന്നിൽവെച്ച് വൻ തുക പണമായാണ് ബന്ധുക്കൾക്ക് നൽകിയത്. ഇത് 2023ലെ മാർ​ഗ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ​ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റ മറ്റ് 12 പേർക്ക് ഒരു ലക്ഷം രൂപവീതവുമാണ് കൈമാറിയത്. എല്ലാവർക്കും തുക പണമായി കയ്യിൽ നൽകുകയായിരുന്നുവെന്നും രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ വിതരണം പൂർത്തിയാക്കിയെന്നും അവകാശപ്പെട്ട് റെയിൽവേ ബോർഡ് പബ്ലിസിറ്റി വിഭാ​ഗം എക്സിക്യുട്ടീവ് ഡയറക്ടർ ദിലീപ് കുമാർ രം​ഗത്തെത്തിയിരുന്നു.

2023ലെ കേന്ദ്ര സർക്കാർ മാ​ർ​ഗനിർദേശം അനുസരിച്ച് അടിയന്തര ധനസഹായമായി 50000 രൂപ വരെ പണമായി കൈമാറാം. ബാക്കി തുക ചെക്ക് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി ബാങ്ക് അക്കൗണ്ടിലേക്കോ നൽകണം. മോർച്ചറിക്ക് മുന്നിൽവെച്ച് വൻ തുക കൈമാറിയ റെയിൽവേയുടെ നടപടി 2023ലെ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് പ്രധാന വിമർശനം. നടപടി ക്രമങ്ങൾ പാലിക്കാതെ പണം ഇത്തരത്തിൽ വിതരണം ചെയ്തത് അസാധാരണമെന്ന് റെയിൽവേയിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥർ തന്നെ പറയുന്നു. ഓൺലൈൻ ഇടപാടിന്റെ കാലതാമസം ഒഴിവാക്കാനാണ് എല്ലാവർക്കും പണം നേരിട്ട് നൽകിയതെന്നാണ് നോർത്തേൺ റെയിൽവേയുടെ വിശദീകരണം.

ശനിയാഴ്ച രാത്രിയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർക്ക് ജീവൻ നഷ്ടമായത്. മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ് കേട്ട് ജനക്കൂട്ടം അടുത്ത പ്ലാറ്റ്ഫോമിലേക്ക് ഓടിയതാണ് അപകട കാരണം. തിരക്ക് നിയന്ത്രിക്കാൻ മുൻകരുതൽ സ്വീകരിച്ചിരുന്നില്ല എന്നതുൾപ്പെടെ നിരവധി വിമർശനങ്ങളാണ് റെയിൽവേക്ക് എതിരെ ഉയരുന്നത്. ആദ്യഘട്ടത്തിൽ അപകടത്തിന്റെ തീവ്രത മറച്ചുവെക്കാൻ ശ്രമമുണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *