ശബരിമല സ്വര്‍ണക്കൊള്ള: നെഞ്ചുവേദനയെ തുടർന്ന് തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാൻഡിലായി ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. പരിശോധനക്കാണ് എത്തിച്ചതെന്നാണ്​ എസ്‌.ഐ.ടി വ്യക്തമാക്കുന്നത്​.

അടുത്തദിവസം അദ്ദേഹത്തെ ആന്‍ജിയോഗ്രാമിനു വിധേയനാക്കിയേക്കും​. മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ പ്രവേശിപ്പിച്ചത്. റിമാൻഡിലായ തൊട്ടടുത്ത ദിവസവും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സ്വര്‍ണക്കൊള്ളക്കേസിലെ 13ാം പ്രതിയാണ് കണ്ഠര് രാജീവര്. തന്ത്രിയുടെ ജാമ്യ ഹരജി കൊല്ലം വിജിലന്‍സ് കോടതി ചൊവ്വാഴ്ചയാണ്​ പരിഗണിക്കുക. പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നുമാണ് എസ്.ഐ.ടി വാദം.