ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനെ വീണ്ടും ചോദ്യംചെയ്യും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും. രണ്ടുദിവസത്തിനകം ഹാജരാകണമെന്ന് എസ്.ഐ.ടി അറിയിച്ചു. 2025ൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യൽ.
2019ൽ സ്വർണം പൂശി തിരിച്ചെത്തിച്ച പാളികൾക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ വീണ്ടും സ്വർണം പൂശാൻ ചെന്നൈക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് സ്പെഷൽ കമീഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 40 വർഷം ഗ്യാരണ്ടി പറഞ്ഞിരുന്ന പാളികളാണ് 2025 സെപറ്റംബറിൽ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുൻകൈയെടുത്തത്. ഈ ഇടപാടുകൾ സംബന്ധിച്ചായിരിക്കും പ്രശാന്തിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുക.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പി.എസ്. പ്രശാന്തിനെ എസ്.ഐ.ടി ചോദ്യംചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തൽ പൂർത്തിയായെന്നും ഇനി എസ്.ഐ.ടിക്ക് മുന്നിൽ പോകേണ്ടിവരില്ലെന്നുമാണ് അന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, പ്രശാന്തിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നാണ് എസ്.ഐ.ടി നൽകുന്ന വിവരം.
