രക്ഷകനായ ഓട്ടോ ഡ്രൈവറെ കണ്ട് സെയിഫ് അലി ഖാൻ; കെട്ടിപ്പിടിച്ച് സ്വീകരിച്ച് നടൻ

Saif Ali Khan meets auto driver who saved him; actor embraces him

 

മുംബൈ: ആക്രമണത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിങ് റാണയെ കണ്ട് സെയ്ഫ് അലി ഖാന്‍. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽകണ്ടത്.

മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു. സെയ്‌ഫ് അലി ഖാന്റെ അമ്മ ഷർമിള ടാഗോറും ഭജൻ സിങിനോട് നന്ദി പറഞ്ഞു.

ഉത്തരാഖണ്ഡ് സ്വദേശിയായ ഭജന്‍ സിങ് റാണയുടെ ഓട്ടോയിലാണ് ജനുവരി 16ന്, നടനെ ആശുപത്രിയിലെത്തിച്ചത്. സെയ്ഫ് അലി ഖാന്റെ താമസസ്ഥലത്തെ ഗേറ്റിനപ്പുറത്ത് നിന്നും ഒരു സ്ത്രീ ഓട്ടോ വിളിച്ചു കരയുന്നുണ്ടായിരുന്നെന്നും എന്നാല്‍ ആരും നിര്‍ത്താതെ പോകുകയായിരുന്നു എന്നും റാണ പറഞ്ഞിരുന്നു. ഒടുവില്‍ ചോരയില്‍ കുളിച്ച ഒരു മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അത് സെയ്ഫ് അലി ഖാന്‍ ആണെന്ന് മനസിലായതെന്നും റാണ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഭജൻ സിംഗിന് ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടത്. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് അദ്ദേഹം ഡിസ്ചാര്‍ജ് ആയത്.

ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *