‘സൽമാൻ ഖാൻ ഐശ്വര്യ റായിയുടെ തോളെല്ല് ഒടിച്ചിട്ടുണ്ട്; എന്റെയത്ര ഒരാളും അനുഭവിച്ചിട്ടില്ല’-ആരോപണവുമായി മുൻ കാമുകി സോമി അലി
ന്യൂയോർക്ക്: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ വധഭീഷണികൾക്കിടെ ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകിയും നടിയുമായ സോമി അലി. താരത്തിന്റെ വലിയ പീഡനം നേരിട്ടെന്നും ഇതേക്കുറിച്ചെല്ലാം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിൽ വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ബോളിവുഡ് താരം ഐശ്വര്യ റായിയും സൽമാനിൽനിന്നു പീഡനം നേരിട്ടിട്ടുണ്ടെന്നും സോമി വാർത്താ ഏജൻസിയായ ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.’Salman Khan
സൽമാൻ ഖാൻ തന്നോട് കാണിച്ചതൊന്നും മറ്റൊരാളോടും ചെയ്തിട്ടില്ലെന്നായിരുന്നു നടി പറഞ്ഞത്. എന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും(സൽമാൻ ഖാന്റെ മുൻ കാമുകിമാരായ സംഗീത ബിജ്‌ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാൽ, ഐശ്വര്യ റായിയെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട്. കത്രീനയോട് എന്താണു ചെയ്തതെന്ന് അറിയില്ലെന്നും സോമി പറഞ്ഞു.
സൽമാൻ ചെയ്തതു വച്ചുനോക്കിയാൽ ബിഷ്‌ണോയ് അയാളെക്കാൾ എത്രയോ നല്ലയാളാണെന്നും അവർ പറഞ്ഞു. ഒരിക്കൽ സൽമാൻ എന്നെ മർദിച്ചപ്പോൾ എന്റെ വീട്ടുകാർ വാതിലിൽ മുട്ടി വെറുതെ വിടാൻ കേണപേക്ഷിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. നടി തബു വരെ തന്റെ അവസ്ഥ കണ്ട് കരഞ്ഞെന്നും സോമി അലി വെളിപ്പെടുത്തി. കടുത്ത പുറംവേദനയെ തുടർന്നു വിശ്രമത്തിലായിരുന്നു ഞാൻ. ആ സമയത്താണ് തബു വരുന്നത്. എന്റെ അവസ്ഥ കണ്ട് അവൾ കരഞ്ഞു. എന്നാൽ, സൽമാൻ തന്നെ കാണാൻ വരികയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ലെന്നും സോമി പറഞ്ഞു.
സൽമാൻ ഖാനിൽനിന്നു നേരിട്ട പീഡനങ്ങളെ കുറിച്ച് തന്റെ അമ്മയ്ക്കും ഉറ്റ സുഹൃത്തുക്കൾക്കും മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും നടി പറഞ്ഞു. സൽമാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതിൽ എല്ലാം വിശദമായി വിവരിക്കുമെന്നും സോമി അലി വെളിപ്പെടുത്തി.
പാകിസ്താൻ-അമേരിക്കൻ നടിയായ സോമി അലിയും സൽമാൻ ഖാനും തമ്മിലുള്ള ബന്ധം എട്ടു വർഷത്തോളമാണു നീണ്ടുനിന്നത്. 1999ലാണ് ഇരുവരും വേർപിരിയുന്നത്. ഇതിനുശേഷം ഇന്ത്യ വിട്ട സോമി ‘നോ മോർ ടിയേഴ്‌സ്’ എന്ന പേരിൽ ഗാർഹിക പീഡനത്തിനും മനുഷ്യക്കടത്തിനുമെതിരായ എൻജിഒയ്ക്കു തുടക്കമിട്ടിരുന്നു.