‘മുസ്‌ലിം നാമധാരികൾക്കെതിരെ സംഘ്പരിവാർ വർഷങ്ങളായി നടത്തുന്ന ആക്രമണം’; ലഹരി പാർട്ടി ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് ആഷിഖ് അബു

'Sangh Parivar'

കൊച്ചി: നടി റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകനും നടനുമായ ആഷിഖ് അബു. ഇതിനു മുമ്പും ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത മറ്റു പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് സുചിത്രയെന്നും മുസ്‌ലിം നാമധാരികൾക്കെതിരെ സംഘ്പരിവാർ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണമാണിതെന്നും ആഷിഖ് അബു പ്രതികരിച്ചു. 24ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.’Sangh Parivar’

ഞങ്ങളുടെ സിനിമാ സെറ്റുകളിൽ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവരട്ടെ. ഉറപ്പായും അത് വേണം. പിണറായി വിജയൻ മമ്മൂട്ടിയും മോഹൻലാലുമായി ചേർന്ന് ഫഹദ് ഫാസിലിന്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നൊക്കെയാണ് ആരോപണം. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. പൊലീസിൽ പരാതി തീരുമാനിച്ചിട്ടുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി.

ആഷിഖ് അബുവിന്റെ പ്രതികരണം:- ‘ഇതിനു മുമ്പും ഇത്തരത്തിൽ യാതൊരു അടിസ്ഥാനവും ലോജിക്കോ ഇല്ലാത്ത ഒരുപാട് ആരോപണങ്ങൾ മറ്റു പലർക്കെതിരെയും ഉയർത്തിയിട്ടുള്ള ആളാണ് സുചിത്ര. മുസ്‌ലിം നാമധാരികൾക്കെതിരെ സംഘ്പരിവാർ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണമാണിത്. അവർക്ക് ഇതിലൊരു പരാതിയുണ്ടെങ്കിൽ അത് കൊടുക്കാതെ മാധ്യമങ്ങളിൽ ഇരുന്ന് ഓരോരോ പേരുകളിട്ട് ആഘോഷിക്കുന്നതാണ് കണ്ടുവരുന്ന പ്രവണത. ഞങ്ങളുടെ സിനിമാ സെറ്റുകളിൽ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല’.

‘ഇനി ആർക്കെങ്കിലും ഇത്തരം സംശയങ്ങളുണ്ടെങ്കിൽ, അത് നമ്മുടെ സെറ്റുകളിൽ എന്നല്ല, എല്ലാ സെറ്റുകളും പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവരട്ടെ. ഉറപ്പായും അത് വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത് സ്വീകാര്യമായ നടപടിയാണ്’.

‘സത്യത്തെ പുറത്തുകൊണ്ടുവരാൻ അതാവശ്യമാണ്. ഇപ്പോൾ നിവിൻ പോളിയാണെങ്കിൽ ആരോപണം ഉയർന്ന ഉടൻ തന്നെ മാധ്യമങ്ങളെ കാണുകയും, ‘താൻ ഇവിടെയുണ്ട്, ഏതന്വേഷണത്തേയും നേരിടാൻ തയാറാണ്’- എന്ന് ആർജവത്തോടെ പറയുകയും ചെയ്തതു. അതാണ് വേണ്ടത്’.

‘കാരണം ഇത് ആരെയും ബാധിക്കാവുന്നൊരു സാഹചര്യമാണ്. ഏതാണ് സത്യം, ഏതാണ് വ്യാജം എന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുക്കുന്ന കാലഘട്ടമാണ്. പിണറായി വിജയൻ മമ്മൂട്ടിയും മോഹൻലാലുമായി ചേർന്ന് ഫഹദ് ഫാസിലിന്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നൊക്കെയാണ് ആരോപണം. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. നമ്മൾ പൊലീസിൽ പരാതി തീരുമാനിച്ചിട്ടുണ്ട്’- നടൻ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ​ഗായിക സുചിത്ര ആരോപണവുമായി രം​ഗത്തെത്തിയത്. റിമയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ രം​ഗത്തെത്തിയിരുന്നു. സുചിത്രയ്ക്ക് നടി വക്കീൽ നോട്ടീസ് അയയ്ക്കുകയാണ് റിമ ചെയ്തത്. ഇതിനിടെ, സുചിത്രയുടെ ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവർക്കെതിരെ കമ്മീഷണർ പ്രാഥമിക അന്വേഷണത്തിന് നിർദേശിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് യുവമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം സൗത്ത് എസ്‌പിക്കാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *