‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തോടുള്ള സംഘ്പരിവാറിന്റെ വെല്ലുവിളി: വി.ഡി സതീശൻ
തിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തെരഞ്ഞെടുപ്പിലൂടെ മോദിയും സംഘ്പരിവാറും ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞുVD Satheesan
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്കാരവും ജീവിതരീതികളും വിവിധ ഭാഷകളുമൊക്കെ ചേർന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടർച്ചയുടെ ധാർഷ്ട്യത്തിൽ ബി.ജെ.പിയും സംഘ്പരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണ്. ജനവിധി ബോധപൂർവം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. അതിന് വഴങ്ങി തുഗ്ലക്ക് പരിഷ്കാരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടിവരുമെന്നും വി.ഡി സതീശൻ പറഞ്ഞു.