കടൽമണൽ ഖനനം റദ്ദാക്കി; കേരള തീരമേഖലക്ക് ആശ്വാസം
ബേപ്പൂർ (കോഴിക്കോട്): കേരളതീരത്തുനിന്ന് കടൽമണൽ ഖനനം ചെയ്യാൻ കുത്തകകൾക്ക് അവസരമൊരുക്കാനുള്ള ടെൻഡർ നടപടി കേന്ദ്രം റദ്ദാക്കി. ഇതോടെ, മത്സ്യത്തൊഴിലാളി സംഘടനകൾ നടത്തിയ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ വിജയം തീരമേഖലക്ക് ആശ്വാസമായി. കടൽമണൽ ഖനനം ജീവൻ കൊടുത്തും ചെറുക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെ ശക്തമായ മുന്നറിയിപ്പ് ഭയന്ന്, ടെൻഡർ ഏറ്റെടുക്കാൻ വിദേശകമ്പനികളടക്കം തയാറാകാതെ വന്നപ്പോഴാണ് കേന്ദ്രം നടപടി റദ്ദാക്കിയത്.
തീരവും കടലും കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കം 2014 മുതൽ തുടങ്ങിയെങ്കിലും ഈ വർഷമാണ് ടെൻഡർ നടപടികൾ ഊർജിതമാക്കിയത്. ഇന്ത്യൻ കമ്പനികൾക്കുപുറമെ വിദേശ ക മ്പനികളുടെ ഉപകമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാനാകുന്ന വിധത്തിൽ ടെൻഡർ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിരുന്നു.
ടെൻഡർ അപേക്ഷക്കുള്ള സമയം അവസാനിക്കുമ്പോഴും കേരളത്തിലെ മണൽഖനനത്തിന് കമ്പനികളൊന്നും താൽപര്യം അറിയിക്കാത്തതിനെ തുടർന്നായിരുന്നു ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. വൻകിട കുത്തക കമ്പനികൾക്ക് അവസരമൊരുക്കുന്നതിന് ഒരു വർഷത്തിനിടയിൽ പത്തിലേറെ തവണ ടെൻഡറിനുള്ള സമയപരിധിയും കേന്ദ്രം നീട്ടിനൽകിയിരുന്നു. കേരളമടക്കം മൂന്നിടങ്ങളിൽ 13 ബ്ലോക്കായി തിരിച്ചായിരുന്നു ടെൻഡർ. ആന്തമാൻ ദ്വീപുകളിലെ മൂന്നു ബ്ലോക്കുകളിൽ മാത്രമാണ് കമ്പനികളെത്തിയത്. എന്നാൽ, ഇതിൽ തന്നെ സാങ്കേതിക യോഗ്യതയുള്ള കമ്പനികളെ കണ്ടെത്താനും കഴിഞ്ഞില്ല.
രാജ്യത്ത് കടൽമണൽ ഖനനത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിക്കാൻ പദ്ധതിയിട്ടത് കൊല്ലം ജില്ലയിലായിരുന്നു. ഇതിന് തങ്കശ്ശേരി മുതൽ വടക്കോട്ട് കടലിൽ 33 കിലോമീറ്റർ വരെ ദൂരം ആദ്യ ഖനനമേഖലയായി പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് കിടപ്പാടം പോലും നഷ്ടമായേക്കാവുന്ന അവസ്ഥയിലേക്ക് മത്സ്യത്തൊഴിലാളികളെ തള്ളിവിടാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ഖനനവുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും പരിസ്ഥിതി ആഘാതപഠനം നടത്താതെ കേരള തീരത്ത് ഖനനം നടത്തുന്നത് പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാകുമെന്ന് പ്രഖ്യാപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ വിദേശ കുത്തകകൾക്കും സ്വകാര്യ കമ്പനികൾക്കും പങ്കാളിത്തം നൽകി തുടർനടപടികളുമായി മുന്നോട്ടുപോവുന്നതിനിടയിലാണ് ഖനനപദ്ധതി റദ്ദാക്കേണ്ടിവന്നത്.
ആഴക്കടൽ ധാതുഖനനം അടിത്തട്ടിലുള്ള ജീവജാലങ്ങൾക്ക് വലിയ തോതിൽ ആഘാതമുണ്ടാക്കുമെന്ന് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം, യു.കെ നാഷനൽ ഓഷ്യനോഗ്രഫി സെന്റർ, ഗോഥൻബർഗ് സർവകലാശാല എന്നിവ ചേർന്ന് പസഫിക് സമുദ്രത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ആഴക്കടൽ ധാതു ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി സമൂഹം നടത്തിയ ചെറുത്തുനിൽപിന്റെ വിജയമാണ് ഖനനത്തിന് കമ്പനികൾ തയാറാകാതിരുന്നതെന്നും, നടപടി റദ്ദാക്കാനുള്ള തീരുമാനം ആശ്വാസകരമാണെന്നും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളായ പി. സ്റ്റെല്ലസ്, ജാക്സൺ പൊള്ളയിൽ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
