കെ-റെയിലിന് പകരം ‘സെമി ഹൈസ്പീഡ്’ ട്രെയിൻ; മെട്രോ പദ്ധതികളും വേഗത്തിലാക്കും
തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്ക് ബദലായി ‘സെമി ഹൈസ്പീഡ്’ ട്രെയിൻ പദ്ധതി നടപ്പാക്കുമെന്ന് നയപ്രഖ്യാപനം. സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിക്കാൻ ശ്രമിച്ച കെ-റെയിൽ അനിശ്ചിതത്വത്തിലാവുകയായിരുന്നു.
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ‘മിഷൻ മോഡി’ൽ നടപ്പാക്കുന്നത് സർക്കാറിന്റെ സുപ്രധാന മുൻഗണനയാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. അന്തർ സംസ്ഥാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലിങ്കുകളുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പരിഗണനയിലാണ്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ‘ലെവൽക്രോസ് മുക്ത സംസ്ഥാനം’ എന്ന ദൗത്യവുമായി മുന്നോട്ടുപോകും. കൊച്ചി മെട്രോയുടെ വിപുലീകരണം വേഗത്തിലാക്കും. ഇതിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നതോടൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളം വരെയുള്ള മൂന്നാംഘട്ടവും നടന്നുവരികയാണ്.
