ഫ്രഞ്ച് നെഞ്ചിൽ കനൽ കോരിയിട്ട സെനഗാൾ

2002 മേയ് 31. ദക്ഷിണ കൊറിയയിലെ സോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും കന്നിക്കാരായ സെനഗാളും പോരിനിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ് സ്കോറർ തിയറി ഒൻട്രി, ഇറ്റാലിയൻ സീരി എ ടോപ് സ്കോറർ ഡേവിഡ് ട്രെസഗ്വേ, ഫ്രഞ്ച് ലീഗ് ടോപ് സ്കോറർ ജിബ്രിയൽ സിസെ എന്നിവരടങ്ങുന്ന മാരകമായ അറ്റാക്കിങ് നിരയായിരുന്നു ഫ്രാൻസിന്റേത്. കിക്കോഫ് വിസിൽ മുഴങ്ങി കളി തുടങ്ങിയതോടെ ചിത്രംമാറി.
ലോകകപ്പിലെ ശിശുക്കളായ സെനഗാൾ സുവർണ തലമുറയുമായെത്തിയ ഫ്രാൻസിനെ സോൾ മൈതാനത്ത് കൂട്ടിയിട്ട് കത്തിച്ചു. ഇതിന് മൂക സാക്ഷിയായി സാക്ഷാൽ സിനദിൻ സിദാനും അന്ന് ടീമിലുണ്ടായിരുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് ദക്ഷിണ കൊറിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ തുടയിലെ പേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ സിദാൻ അന്ന് കളത്തിലിറങ്ങിയിരുന്നില്ല. പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ഒരു ജയം പോലും പിടിക്കാനാവാതെ ചാമ്പ്യന്മാർ പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പരിക്ക് വകവെക്കാതെ കാലിൽ കട്ടിയുള്ള ബാൻഡേജിട്ട് സിനദിൻ സിദാൻ ഇറങ്ങിയിട്ടും ഡെന്മാർക്കിനോട് രണ്ടു ഗോളിന് തോൽക്കാനായിരുന്നു വിധി. മൂന്ന് കളിയിൽ ഒരു സമനിലയും രണ്ടു തോൽവിയുമായി ഒരു ഗോൾ പോലും എതിർവലയിലെത്തിക്കാനാവാതെ ഫ്രാൻസിന്റെ ‘സുവർണ തലമുറ’ ഗ്രൂപ് ഘട്ടത്തിൽതന്നെ മടങ്ങി.
‘ചാമ്പ്യന്മാരുടെ ശാപം’
ഫുട്ബാൾ ലോകത്ത് ‘ചാമ്പ്യന്മാരുടെ ശാപം’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മുമ്പ് അനുഭവിച്ചത് ഇറ്റലിയും (1950) ബ്രസീലും (1966) ആയിരുന്നു. പിന്നീട് ഫ്രാൻസിനുശേഷം ഇറ്റലി (2010), സ്പെയിൻ (2014), ജർമനി (2018) എന്നീ രാജ്യങ്ങൾക്കും നാണക്കേടിന്റെ ഈ അനുഭവമുണ്ടായി. 2002ലെ ‘ഫ്രഞ്ച് ദുരന്ത’ത്തിന് കനൽകോരിയിട്ട സെനഗാളിനെ 24 വർഷങ്ങൾക്കു ശേഷം ഫ്രാൻസ് വീണ്ടും നേരിടുകയാണ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലോ മറ്റ് ടൂർണമെന്റുകളിലോ ഇരുടീമുകളും ഇതുവരെ നേരിട്ടിറങ്ങിയിട്ടില്ല. അതിനാൽ, ജൂൺ 16ന് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് ഐയിലെ മത്സരത്തിനായി ഫുട്ബാൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐ ഗ്രൂപ്പാണ് ഇത്തവണ മരണ ഗ്രൂപ്പായി പരിഗണിക്കപ്പെടുന്നത്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ഫ്രാൻസും കരുത്തുറ്റ പോരാട്ടവീര്യമുള്ള ആഫ്രിക്കൻ ശക്തികളായ സെനഗാളും സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ നോർവേയും നാലു പതിറ്റാണ്ടിനുശേഷം ലോകകപ്പ് വേദിയിൽ തിരിച്ചെത്തുന്ന ‘മെസപ്പൊട്ടോമിയൻ സിംഹങ്ങൾ’ ഇറാഖും ഉൾപ്പെടുന്നതോടെ ഈ ഗ്രൂപ്പിലെ മത്സരങ്ങൾ പ്രവചനാതീതമാകും.
മാനെയിലേറി സെനഗാൾ
കന്നി ലോകകപ്പിൽത്തന്നെ (2002) ക്വാർട്ടർ ഫൈനൽ വരെയെത്തി ലോകത്തെ ഞെട്ടിച്ച ചരിത്രമുള്ള സെനഗാൾ, സാദിയോ മാനെ എന്ന ഇതിഹാസ താരത്തിന്റെ ചുമലിലേറിയാണ് വരുന്നത്. 2002ലെ ആ സ്വപ്ന കുതിപ്പിനുശേഷം 2018, 2022 ലോകകപ്പുകളിലും കളിച്ച സെനഗാൾ, ഇത്തവണയും വൻ അട്ടിമറികൾക്ക് ശേഷിയുള്ള സംഘമാണ്. മാനെക്ക് കൂട്ടായി ചെൽസി താരം നിക്കോളാസ് ജാക്സൺ മുന്നേറ്റത്തിലുണ്ടാവും. കലിദൗ കൂലിബാലി നയിക്കുന്ന പ്രതിരോധം. വിശ്വസ്ത കാവൽക്കാരനായി എഡ്വേർഡ് മെൻഡിയും. ശാരീരിക ക്ഷമതയിലൂന്നിയ ഹൈപ്രസിങ് ഗെയിമാണ് സെനഗാളിന്റെ പ്രധാന തന്ത്രം. 2004ൽ ചുമലയേറ്റ കോച്ച് പേപ് തിയാവിന് കീഴിൽ കഴിഞ്ഞ വർഷം ആഫ്രിക്കൻ നാഷൻസ് ചാമ്പ്യന്മാരായ ടീം, സൗഹൃദ മത്സരത്തിൽ ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പെറുവിനെയും തോൽപിച്ചിരുന്നു.
ഹാലൻഡിന്റെ നോർവേ
ഈ ലോകകപ്പിൽ കറുത്ത കുതിരകളാവുമെന്ന് പ്രതീക്ഷിക്കുന്ന ടീമാണ് നോർവേ. നീണ്ട 28 വർഷത്തെ ഇടവേളക്കുശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തുന്ന നോർവേ, ചരിത്രത്തിലെ മികച്ച ഫോമിലാണ്. ലോകത്തെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിലൊരാളായ ഏർലിങ് ഹാലണ്ട് നയിക്കുന്ന ആക്രമണം തന്നെയാണ് കരുത്ത്. യോഗ്യതാ റൗണ്ടിൽ ഇറ്റലിയെപ്പോലുള്ള വമ്പന്മാരെ തകർത്ത് 16 ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. കളി നിയന്ത്രിക്കാൻ മിടുക്കുള്ളതാണ് ആഴ്സനലിന്റെ ക്യാപ്റ്റനായ മാർട്ടിൻ ഒഡെഗാർഡ് നയിക്കുന്ന മിഡ്ഫീൽഡ്. കൃത്യസമയങ്ങളിൽ കളിമെനയാനും കൃത്യതയാർന്ന പാസുകൾ ഒരുക്കാനുമുള്ള ഒഡെഗാർഡിന്റെ മികവ് ഹാലണ്ടിന് ഗോളടിക്കാൻ നിരവധി അവസരങ്ങൾ ഒരുക്കും. ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കടക്കാൻ നോർവേയും സെനഗാളും തമ്മിലായിരിക്കും ഗ്രൂപ്പിലെ പ്രധാന പോരാട്ടം.
സ്പോയിലറാവുമോ ഇറാഖ്
റാങ്കിങ് കുറഞ്ഞ ടീമാണെങ്കിലും ഏഷ്യൻ പ്ലേ ഓഫ് കടമ്പ കടന്നെത്തുന്ന ഇറാഖ്, ഒത്തിണക്കവും ശാരീരികക്ഷമതയും പോരാട്ടവീര്യവുമുള്ള സംഘമാണ്. പ്രതിരോധം ശക്തമാക്കി നിർത്തിയ ശേഷം വിങ്ങുകളിലൂടെ അതിവേഗം പ്രത്യാക്രമണം നടത്തുന്നതാണ് രീതി. ഏഷ്യയിലെ മികച്ച ഫുൾബാക്കുകളിലൊരാളായ മെർചാസ് ദോസ്കി, മുന്നേറ്റത്തിൽ അയ്മൻ ഹുസൈൻ, അലി ജാസിം എന്നിവരാണ് പ്രധാന താരങ്ങൾ. ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും ജപ്പാൻ ഉൾപ്പെടെയുള്ള കരുത്തരെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം കൈമുതലായുള്ള ഇറാഖിന്, പ്രതീക്ഷകളുടെ ഒരുവിധ സമ്മർദവുമില്ലാതെ സ്വതന്ത്രമായി കളിക്കാനാവുമെന്നതുതന്നെയാണ് പ്ലസ് പോയന്റ്. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ യോഗ്യതാ സാധ്യതകൾ അട്ടിമറിച്ച് ഗ്രൂപ് സ്പോയിലറാവാനോ ഇറാഖിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
