കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍
കൊല്ലം: എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന ഷംനത്ത് (34) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് പിടികൂടിയത്.
പാർവതി എന്ന പേരിലാണ് ഇവർ സീരിയലിൽ അഭിനയിക്കുന്നത്. പരവൂർ പൊലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തുകയും പരിശോധന നടത്തുകയുമായിരുന്നു. ഇവരും ഭർത്താവുമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പുമുറിയിലെ മേശയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ആറ് സിപ്പർ കവറുകളും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. കടയ്ക്കൽ ഭാഗത്തുനിന്നാണ് ലഹരി വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എംഡിഎംഎ ഉൾപ്പെടെ പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സീരിയൽ താരം പിടിയിലായത്.