‘തലച്ചോറിന് ക്ഷതം, ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിൽ’; ഉമാ തോമസ് വെന്റിലേറ്ററിൽ തുടരുന്നു
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ അബോധാവസ്ഥയില്‍ തുടരുന്നു. നിലവില്‍ വെന്‍റിലേറ്ററിലാണുള്ളത്. തലച്ചോറിന് ക്ഷതമേറ്റതായി ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. വാരിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
‘തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകളുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവിൽ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്, വിദഗ്ധ പരിശോധനകൾ നടക്കുകയാണ്’- ഡോക്ടർമാർ പറഞ്ഞു.
നൃത്ത പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിൽ എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനിൽനിന്നാണ് എംഎൽഎ വീണത്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.
അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആവശ്യത്തിന് സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയാണ് സ്റ്റേജിൽ ബാരികേഡ് സ്ഥാപിച്ചത്. ഒരു നില ഉയരത്തിലായിരുന്നു സ്റ്റേജ്. ഗ്യാലറിയിലെ കസേരകൾ മാറ്റിയാണ് തത്കാലിക സ്റ്റേജ് നിർമിച്ചത്.