കസ്റ്റഡിയിലെടുത്ത ഏഴ് ചാക്ക് ഹാൻസ് മോഷണം പോയി; അന്വേഷണം ആരംഭിച്ച് സുൽത്താൻ ബത്തേരി പൊലീസ്

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കാണാതായിരുന്നത്. 2026 ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബർ 10ന് സ്റ്റോർ റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലുകൾ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷൻ പരിസരത്തും മുറികളിലും വിശദമായി തിരച്ചിൽ നടത്തിയെങ്കിലും തൊണ്ടിമുതലുകൾ കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടർ അജേഷ് കെ.എസിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.