‘ബി.ജെ.പിയിൽ കടുത്ത ജാതിവിവേചനം, ഒരു പരിപാടിക്കും വിളിക്കാറില്ല’; ഗുരുതര ആരോപണവുമായി പ്രഫ. ടി.എൻ. സരസു
കോഴിക്കോട്: പാർട്ടിക്കുള്ളിൽ കടുത്ത അവഗണനയും ജാതിവിവേചനവും നേരിടുന്നുവെന്ന ഗുരുതര ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് പ്രഫ. ടി.എൻ. സരസു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച തന്നെ ആ തെരഞ്ഞെടുപ്പിന് ശേഷം ഒരു പാർട്ടി പരിപാടിക്കും വിളിക്കാറില്ലെന്ന് സരസു വെളിപ്പെടുത്തി. പാർട്ടിയിൽ ഒരു പദവിയും മോഹിക്കാത്ത തന്നെ പരിപാടികൾക്ക് ക്ഷണിക്കാത്തതിന് കാരണം ജാതിവിവേചനമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറയുന്നു.
സരസു പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരിക്കെ വിരമിക്കൽ ദിനത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിൽ പ്രതീകാത്മക ശവകുടീരം നിർമിച്ചത് വൻ വിവാദമായിരുന്നു. പിന്നീട് 2016ലാണ് ഇവർ ബി.ജെ.പിയിൽ ചേർന്നത്.
പ്രചാരണത്തിന് ഇറങ്ങേണ്ടെന്ന് ബി.ജെ.പി നേതൃത്വം നിഷ്‍കർഷിച്ചതായാണ് സരസു ആരോപിക്കുന്നത്. ‘പ്രചാരണത്തിന് വരട്ടേയെന്ന് ഞാൻ പലരോടും ചോദിച്ചു. ‘വേണ്ട’ എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. പത്മജ വേണുഗോപാലിന്റെ പ്രചാരണത്തിന് എനിക്ക് ഒരു ദിവസമെങ്കിലും വരണമെന്ന് ആഗ്രഹമുള്ളതായി ഞാൻ ജില്ല പ്രസിഡന്റിനെ വിളിച്ച് പറഞ്ഞു. ‘ഞാൻ ചോദിച്ചിട്ട് പറയാം’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. ആരോട് ചോദിച്ചിട്ടാണ് എന്ന് എനിക്കറിഞ്ഞുകൂടാ. 2024ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം എന്നെ ഒരു പരിപാടിക്കും ഇന്നുവരെ അവർ ക്ഷണിച്ചിട്ടില്ല. ഒന്നോ രണ്ടോ കാര്യങ്ങൾക്ക് വിളിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. അതിനൊക്കെ ഞാൻ പോയിട്ടുമുണ്ട്.
ഒരു പാർട്ടിക്കാർക്കും ഇവിടുത്തെ താണ ജാതിക്കാരെ, പ്രത്യേകിച്ച് എസ്.സി, എസ്.ടിക്കാരെ ആവശ്യമില്ല. രണ്ടു കാര്യങ്ങൾക്കൊഴികെ. ഒന്ന് വോട്ടു ചെയ്യാനാണ്. അവരുടെ വോട്ടില്ലാതെ ജയിക്കാനാകില്ലല്ലോ. രണ്ടാമത്തേത് ഏതെങ്കിലും സംവരണ സീറ്റിൽ നിർത്താൻ ഒരു സ്ഥാനാർഥി വേണം. അവിടെ വേറെ ആളുകളെ നിർത്താൻ പറ്റില്ല. ഈ രണ്ടു കാര്യങ്ങൾക്ക് മാത്രമാണ് എസ്.സി, എസ്.ടി ആയിട്ടുള്ള ആളുകളെ ഏതു പാർട്ടിക്കാർക്കും ആവശ്യമുള്ളത്.
എന്നെ പാർട്ടിയിൽനിന്ന് മാറ്റിനിർത്താനുള്ള കാരണം ഈ ജാതിവിവേചനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ എന്തുകാരണമാണുള്ളത്? ഞാൻ ആരെപ്പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അവർ ഏൽപിച്ച ജോലിയൊക്കെ ചെയ്തിട്ടുണ്ട്. പറഞ്ഞ പരിപാടിക്കൊക്കെ പോയിട്ടുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കി നിർത്തുന്നത്?
നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് എവിടെയാണ് മത്സരിക്കാൻ താൽപര്യമെന്ന് എന്നോട് പ്രകാശ് ജാവ്ദേക്കർ ചോദിച്ചിട്ടുണ്ടായിരുന്നു. പാലക്കാട് മത്സരിക്കാനാണ് താൽപര്യമെന്നാണ് ഞാൻ മറുപടി നൽകിയത്. പിന്നാലെ, അവിടെ വേറെ ആളെ പ്രഖ്യാപിച്ചു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ’ -പ്രഫ. സരസു വിശദീകരിച്ചു.
