കെ.എസ്.ആര്.ടി.സി ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിക്കായി ലൂക്കൗട്ട് നോട്ടീസ്

കൊണ്ടോട്ടി: കെ.എസ്.ആര്.ടി.സി ബസില്‍ യുവതിക്കുനേരെ യാത്രക്കാരന് ലൈംഗികാതിക്രമവും നഗ്നത പ്രദര്‍ശനവും നടത്തിയതായി പരാതി. യുവതിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത പസാഹചര്യത്തില് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 3.45ന് പുളിക്കലിനടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം ഒളമതില്‍ സ്വദേശിയായ 27കാരിക്കാണ് ദുരനുഭവം.
ഇവർ ബസിലെ ജനറല്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് ചോദ്യം ചെയ്തെത്തിയ പ്രതി തന്റെ സ്വകാര്യ ഭാഗത്ത് കൈമുട്ടുകൊണ്ട് സ്പർശിക്കുകയും പിന്നീട് നഗ്നത പ്രദര്‍ശനം നടത്തി അപമാനിക്കുകയും ചെയ്തെന്നാണ് യുവതി പൊലീസില്‍ നല്കിയ പരാതി.
സംഭവമുണ്ടായ ഉടന്‍ യുവതി പ്രതികരിച്ചെങ്കിലും ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ബസ് പൊലീസ് സ്റ്റേഷനിലെത്തിക്കാത്തതിനാല് പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്തു. യുവതിക്കുനേരെ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ ഉടന്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
