‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു’; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിൽ
ചെന്നൈ: പോക്‌സോ കേസിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പാർട്ടി സാമ്പത്തിക വിഭാഗം കൺവീനർ കൂടിയായ എം.എസ് ഷാ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പോക്‌സോ വകുപ്പ് ചുമത്തി ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തത്.arrested
15 വയസുകാരിയായ പെൺകുട്ടിയുടെ ഫോണിലേക്ക് ബിജെപി നേതാവായ ഷാ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായാണ് പരാതി. പെൺകുട്ടിയുടെ അച്ഛനാണ് പൊലീസിൽ നൽകിയത്. മകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നു പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജെപി നേതാവെന്നും റിപ്പോർട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മയുമായി ചങ്ങാത്തത്തിലായ എം.എസ് ഷാ, കാറും ബൈക്കും വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് ആരോപിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് ബിസിനസ് ആവശ്യാർഥം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്യാറുണ്ട്. ഈ സമയങ്ങളിലാണ് അമ്മയ്ക്കൊപ്പം എത്തിയിരുന്ന പെൺകുട്ടിയെ ഷാ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മകളുടെ ഫോണിൽ ഷായുടെ അശ്ലീല സന്ദേശങ്ങൾ കണ്ട പിതാവ് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
പോക്സോ നിയമത്തിലെ വകുപ്പ് 11(1), 11(4), 12 വകുപ്പുകൾ പ്രകാരമാണ് ഷായ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷായുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.