‘സർക്കാർ എന്ത് ചെയ്താലും തെറ്റെന്ന് പറയുന്നത് ശരിയല്ല, പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടെ’: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് ശശി തരൂർ
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് ശശി തരൂർ എംപി. സർക്കാർ എന്ത് ചെയ്താലും തെറ്റാണെന്ന് പറയണമെന്നത് ശരിയല്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് സിപിഎം സർക്കാർ ഇറക്കുന്നതല്ലെന്നും തരൂര്‍ പറഞ്ഞു.
‘വികസനത്തിന് ഒരുമിച്ച് പോകണം. പ്രതിപക്ഷ നേതാവ് ലേഖനം വായിക്കട്ടേയെന്നും ലേഖനത്തിൽ തന്നോട് പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം. തന്‍റെ നിലപാടിൽ മാറ്റമില്ല. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്.