ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസ്; മുഖ്യ ആസൂത്രക ലിവിയ ജോസ് കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ മുഖ്യ ആസൂത്രക ലിവിയ ജോസ് പോലീസ് കസ്റ്റഡിയിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ പിടിയിലായത്.Sheela Sunny
ദുബൈയിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ലിവിയയുടെ നീക്കം. നാട്ടിലെത്തിയ ശേഷം മുൻകൂർ ജാമ്യം നേടാൻ ആയിരുന്നു ലിവിയയുടെ പദ്ധതി.രഹസ്യ വിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അറസ്റ്റ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.
ലിവിയയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ നിർണായക വിവരങ്ങൾ ലഭ്യമാവും. വ്യാജ ലഹരി സ്റ്റാമ്പ് ആരിൽ നിന്ന് വാങ്ങി അത് എങ്ങനെയാണ് ഷീലാ സണ്ണിയുടെ ബാഗിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരും. കേസിലെ മറ്റൊരു പ്രതിയായ നാരായണദാസ് നിലവിൽ റിമാൻഡിൽ ആണ്. ലിവിയയെ നാളെ തൃശൂരിൽ എത്തിച്ച് ചോദ്യം ചെയ്യും.
