ബംഗ്ലാദേശ് വിട്ടോടിയ ശൈഖ് ഹസീന ഡൽഹിയിൽ

Sheikh Hasina

ഡൽഹി: സംവരണ നിയമത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ഡൽഹിയിലെത്തി. ഗാസിയബാദിലെ ഹിൻഡൻ എയർബേസിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്യുന്നു. ഹസീനയെ മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു. ലണ്ടനാണ് ഹസീനയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.Sheikh Hasina

ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. സഹോദരിയോടൊപ്പമാണ് രാജ്യംവിട്ടത്. ത്രിപുരയിലെ അഗർത്തലയിൽ ഇവർ എത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് ബംഗ്ലാദേശിൽ. രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വകാർ ഉസ് സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരി​കെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി ഉയർന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 14 പൊലീസുകാരും ഉൾപ്പെടും.പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് ശൈഖ് ഹസീന പ്രഖ്യാപിച്ചതോടെയാണ് ബംഗ്ലാദേശിൽ കലാപം വീണ്ടും ആളിക്കത്തുന്നത്. പ്രക്ഷോഭത്തെ നേരിടാൻ സുരക്ഷാ സേനയക്കു പുറമെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും സംഘടിച്ചതോടെ എല്ലായിടത്തും നിയന്ത്രണം വിട്ടു. 6 അവാമി ലീഗ് നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. സിറാജ്ഗഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനിലെ വാനിന് തീയിട്ടതോടെയാണ് കൂടുതൽ പൊലീസുകാർ കൊല്ലപ്പെട്ടത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *