‘സൂറത്ത് നഗരം കൊള്ളയടിച്ചയാളാണ് ശിവജി’; ബിജെപിയെ വെട്ടിലാക്കി മുൻ കേന്ദ്രമന്ത്രി, മഹാരാഷ്ട്രയിൽ പ്രതിമ വിവാദം പുകയുന്നു
മുംബൈ: കോടികൾ മുടക്കി നിർമിച്ച ശിവജി പ്രതിമ തകർന്നത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ ബിജെപിയെ വെട്ടിലാക്കി മുതിർന്ന നേതാവിന്റെ പരാമര്‍ശം. മുൻ കേന്ദ്രമന്ത്രി കൂടിയായ നാരായൺ റാണെ ശിവജിയെ കുറിച്ചു നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ ബിജെപിക്കു പൊല്ലാപ്പായിരിക്കുന്നത്. സൂറത്ത് നഗരം കൊള്ളയടിച്ചയാളാണ് മറാഠ രാജാവ് ശിവജിയെന്നായിരുന്നു റാണെയുടെ പരാമർശംSurat
മുംബൈയിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാദങ്ങൾ തള്ളി റാണെ രംഗത്തെത്തിയത്. താനൊരു ചരിത്രകാരനൊന്നുമല്ല. പക്ഷേ, വായിച്ചതും കേട്ടതും അറിഞ്ഞതും അനുസരിച്ച് സൂറത്ത് നഗരം കൊള്ളയടിച്ചയാളാണ് ശിവജിയെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ശിവജിയുടെ ജീവചരിത്രകാരനും സംഘ്പരിവാർ അനുകൂല എഴുത്തുകാരനുമായ അന്തരിച്ച ബൽവന്ത് പുരന്ദരെയെ ഉദ്ധരിച്ചായിരുന്നു റാണെ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പ്രതിമ തകർന്ന സംഭവം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നും നാരായൺ റാണെ പറഞ്ഞു. ശരത് പവാറിനെ പോലെയുള്ള ഉന്നതരായ നേതാക്കൾ രംഗത്തെത്തി സമാധാനം പാലിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യേണ്ടതാണ്. എന്നാല്‍, അവസരം മുതലെടുക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതായാലും ശിവജി പ്രതിമ വിവാദം ഒതുക്കാന്‍ കഷ്ടപ്പെടുന്ന ബിജെപിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണു മുതിര്‍ന്ന നേതാവിന്‍റെ പരാമര്‍ശം. രണ്ടാം മോദി സർക്കാരിൽ ചെറുകിട-ഇടത്തരം സംരംഭ മന്ത്രിയായിരുന്നു നാരായൺ റാണെ. നിലവിൽ സിന്ധുദുർഗിൽനിന്നുള്ള ലോക്‌സഭാ അംഗമാണ്. നേരത്തെ കോണ്‍ഗ്രസില്‍നിന്ന് ശിവസേനയിലെത്തുകയും പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കളംപിടിക്കാന്‍ നോക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം. 2019ലാണ് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷം എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുന്നത്. ഇതേ വര്‍ഷം തന്നെ കേന്ദ്ര കാബിനറ്റില്‍ ഇടംലഭിക്കുകയും ചെയ്തു.
മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മകനും ബിജെപി എംഎൽഎയുമായ നിതീഷ് റാണെയെ നാരായണ്‍ റാണെ വാർത്താസമ്മേളനത്തിൽ തള്ളികളഞ്ഞിട്ടുണ്ട്. നിതീഷിനോട് താൻ സംസാരിച്ചിരുന്നു. ഒരു സമുദായത്തെ ഒന്നാകെ ഇത്തരത്തിൽ അധിക്ഷേപിക്കരുതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അതു വ്യക്തികളിൽ ഒതുക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
അതേസമയം, പ്രതിമ വിവാദത്തിനു പിന്നാലെ തലപൊക്കിയ ശിവജി ചർച്ചകളും തർക്കങ്ങളും മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. പ്രതിമ തകർന്ന സംഭവം ഉയർത്തിക്കാട്ടി പ്രതിപക്ഷം ഒരുവശത്ത് ബിജെപിയെയും മഹായുതി സർക്കാരിനെയും ആക്രമിക്കുമ്പോൾ മറുവശത്ത് ശിവജി ചരിത്രം ഇഴകീഴിയുള്ള ചർച്ചകളും സജീവമാകുകയാണ്. ഇതിനിടയിലാണ് ശിവജി സൂറത്ത് നഗരം ആക്രമിച്ച ചരിത്രവും ചർച്ചയാകുന്നത്. 1664ലും 1670ലുമായി രണ്ടു തവണ ശിവജി സൂറത്തിൽ ആക്രമണം നടത്തിയിരുന്നു. നഗരം മുഗൾ ഭരണത്തിനു കീഴിലായിരുന്ന സമയത്തായിരുന്നു ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നത്.
ഈ ചർച്ചയിൽ ഇടപെട്ട് കോൺഗ്രസിനെ ആക്രമിക്കാനായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിച്ചത്. ശിവജിയുടെ സൂറത്ത് കൊള്ള കോൺഗ്രസും മുന്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും സൃഷ്ടിച്ച വ്യാജചരിത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പോരാളിയായ ശിവജിയെ സൂറത്ത് കൊള്ളയടിച്ചയാളാക്കി തെറ്റായി അവതരിപ്പിക്കുകയാണ് നെഹ്‌റു അദ്ദേഹത്തിന്റെ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’യിൽ ചെയ്തത്. സ്വാതന്ത്ര്യത്തിനുശേഷം ഇതേ കാര്യം ബോധപൂർവം പഠിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളത്. സ്വരാജ്യത്തിനു വേണ്ടി കൃത്യമായ ആളുകളുടെ ഖജനാവാണ് ശിവജി കൊള്ളയടിച്ചതെന്നും രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയായിരുന്നു ഈ ആക്രമണമെന്നും ഫഡ്‌നാവിസ് വാദിച്ചു.
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ കോടികൾ ചെലവിട്ട് നിർമിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത കൂറ്റൻ ശിവജി പ്രതിമയാണ് കഴിഞ്ഞ ആഗസ്റ്റ് 26ന് തകർന്നുവീണത്. മാൽവനിലെ രാജ്‌കോട്ട് കോട്ടയ്ക്കുള്ളിൽ നിർമിച്ച 35 അടി പൊക്കമുള്ള പ്രതിമ ഒന്നാകെ നിലംപൊത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുന്ന മ ഹാരാഷ്ട്രയിൽ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷം അവസരം കൃത്യമായി മുതലെടുത്ത് ഇതിനെ ബിജെപിക്കും സംസ്ഥാന ഭരണകൂടത്തിനുമെതിരെയുള്ള ആയുധമാക്കി പ്രയോഗിച്ചു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരസ്യമായി മാപ്പുപറഞ്ഞു രംഗത്തുവന്നു.
കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവിക ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. വൻ പ്രചാരണങ്ങളോടെയും ആഘോഷങ്ങളോടെയുമായിരുന്നു ചടങ്ങ് നടന്നത്.
എന്നാൽ, ദിവസങ്ങള്‍ക്കുമുന്‍പ് പ്രദേശത്തുണ്ടായ ശക്തമായ മഴയും കാറ്റുമാണ് പ്രതിമ തകരാന്‍ കാരണമായതെന്നാണ് ജില്ലാ ഭരണകൂടം തുടക്കത്തിൽ തന്നെ വാദിച്ചത്. പ്രതിമയുടെ നട്ടും ബോൾട്ടുമെല്ലാം തുരുമ്പെടുത്തിരുന്നതായി എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പ്രതിമ നിർമിച്ച ശില്‍പി ജയദീപ് ആപ്‌തെയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ആപ്‌തെയ്ക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നും സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.