പാലക്കാട് ശോഭയും മലമ്പുഴയിൽ കൃഷ്ണകുമാറും ബി.ജെ.പി സ്ഥാനാർഥികളായേക്കും
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം അടുത്തതോടെ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ പാലക്കാട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ മലമ്പുഴയിലും മത്സരിച്ചേക്കുമെന്ന് സൂചന. ജില്ലയിൽ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്ടു നിയമസഭ മണ്ഡലങ്ങളാണ് പാലക്കാടും മലമ്പുഴയും. ശോഭ സുരേന്ദ്രനോട് ദേശീയ നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടെന്നാണ് വിവരം. രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മലമ്പുഴയിൽ 2106, 2021 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തും ബി.ജെ.പി രണ്ടാമതുമാണ്. 2016നെ അപേക്ഷിച്ച് 2021ൽ വോട്ടർമാരുടെ എണ്ണം 3800ഓളം കൂടിയപ്പോൾ അതിന്റെ ഗുണം നേടിയത് ഇടതുപക്ഷവും ബി.ജെ.പിയുമാണ്. അകേത്തത്തറ ഗ്രാമപഞ്ചായത്തിൽ ഭരണം പിടിച്ചതും ഈ മണ്ഡലത്തിൽ ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കം തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.
2016ൽ ശോഭ സുരേന്ദ്രന്റെ വരവോടെയാണ് അതുവരെ പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പി രണ്ടാമത് എത്തിയത്. 2021ൽ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലത്തിൽ ഷാഫി പറമ്പിൽ 54076ഉം മെട്രോമാൻ ഇ. ശ്രീധരൻ 50220ഉം സി.പി.എമ്മിലെ പ്രമോദ് 36433ഉം വോട്ട് കരസ്ഥമാക്കി. 2024 പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകര എം.പി ആയി എം.എൽ.എ സ്ഥാനം രാജിവച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രിസിലെ രാഹുൽ മാങ്കുട്ടം 58389ഉം ബി.ജെ.പിയിലെ സി. കൃഷ്ണകുമാർ 39549ഉം എൽ.ഡി.എഫിലെ പി. സരിൻ 37293ഉം വോട്ട് നേടി. ലൈംഗിക പീഡനകേസിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട് രാഹുൽ മാങ്കുട്ടത്തിൽ മണ്ഡലത്തിൽ സജീവമല്ലാത്ത സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.
