സിയാഹുൽ ഹഖ് പാപ്പിനിപ്പാറയുടെ കഥാ സമാഹാരം ‘കാളാഞ്ചി’പ്രകാശനം ചെയ്തു

യാംബു / മലപ്പുറം: സൗദി യാംബുവിലെ മുൻ പ്രവാസിയും മാധ്യമ പ്രവർത്തകനുമായിരുന്ന സിയാഹുൽ ഹഖ് പാപ്പിനിപ്പാറയുടെ പ്രഥമ ചെറുകഥാ സമാഹാരമായ ‘കാളാഞ്ചി’പുറത്തിറങ്ങി. മലപ്പുറം പാപ്പിനിപ്പാറ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്.
സാമൂഹിക പ്രവർത്തകനും റിട്ട. അധ്യാപകനുമായ അബൂബക്കർ പുസ്തകം ഏറ്റുവാങ്ങി. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബുഷ്റ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ സൗഹൃദവേദി കൺവീനർ വി.ടി. ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. വി ഹിക്മത്തുല്ല പുസ്തകം പരിചയപ്പെടുത്തി.
മനുഷ്യ ജീവിതത്തിന്റെ നേർത്ത നിഴലുകളിലൂടെ സഞ്ചരിക്കുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഗ്രാമീണ മണവും മരുഭൂ ജീവിതത്തിന്റെ അനുഭവവും മനുഷ്യ ജീവിതത്തിന്റെ ചൂടും കയ്പ്പുമെല്ലാം ഇഴ ചേർന്ന ഒമ്പത് ചെറു കഥകളാണ് പുസ്തകത്തിലുള്ളത്.
സൗദി പ്രവാസിയായിരുന്ന സിയാഹുൽ ഹഖ് മലപ്പുറം ജില്ലയിലെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയാണ്. ഏതാനും വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാടണഞ്ഞത്. നാട്ടിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സാമൂഹ്യ കലാ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മാൻ കൈൻഡ് ലിറ്റ്റേച്ചർ’ ആണ് പ്രസാധകർ. ആമസോൺ പ്ലാറ്റ് ഫോമിലൂടെയും മറ്റും ലഭ്യമാണ്.
