എസ്.ഐ.ആർ: വില്ലേജ് ഹെൽപ് ഡെസ്കുമായി സർക്കാർ
തിരുവനന്തപുരം: എസ്.ഐ.ആറിൽ 19.32 ലക്ഷം പേർ ഹിയറിങ്ങിന് വിധേയമാകുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം. ആവശ്യമായ സഹായ നിർദേശങ്ങള്‍ നല്‍കാനായി രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തും. ഇതിനുള്ള സംവിധാനം ഒരുക്കാൻ കലക്ടര്‍മാരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
ഉന്നതികള്‍, തീരദേശമേഖല, മറ്റ് പിന്നോക്ക പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് എത്തി അര്‍ഹരെ കണ്ടെത്തി സഹായങ്ങള്‍ നല്‍കും. ഇതിന് വില്ലേജ് ഓഫിസര്‍മാരുടെ ആവശ്യപ്രകാരം അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും. വിദ്യാർഥികളായ 18 വയസ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. ഇതിന് അതത് സ്ഥാപനങ്ങളില്‍ പ്രചാരണവും ബോധവല്‍ക്കരണവും നടത്തും.
തെരഞ്ഞെടുപ്പ് അടുത്തു നില്ക്കുന്ന സംസ്ഥാനങ്ങളില്‍ എസ്.ഐ.ആർ ധൃതിയില്‍ നടത്തുന്നത് ആശാസ്യമല്ലെന്ന് സര്‍ക്കാര്‍ ഒന്നിലധികം തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിക്കാത്തത് ജനാധിപത്യ താല്പര്യങ്ങള് സംരക്ഷിക്കാനല്ല. മുന്‍പ് വോട്ട് ചെയ്തവരെയാണ് ഒഴിവാക്കുന്നത്. കൂടാതെ 2002ല്‍ എന്തെങ്കിലും കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ ഇപ്പോള്‍ പുറത്താക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
