കുറ്റകൃത്യത്തിൽ പങ്കാളിത്തമില്ലാതെ തന്ത്രിയെ ജയിലിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി പറയണം -വി.ഡി സതീശൻ



തിരുവനന്തപുരം: കുറ്റകൃത്യത്തിൽ പങ്കാളിത്തമില്ലാലെ തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ് വി.ഡി സതീശന്റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നത്. ഇടതുനേതാക്കളിലേക്ക് അന്വേഷണം എത്തിയപ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ മോഷണക്കേസ് എന്നിവയിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

തന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തന്ത്രിക്ക് കേസിൽ നേരിട്ട് പങ്കേുണ്ടന്നും മുഖ‍്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയുമായി 2004 മുതൽ ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

2.05 കോടി രൂപ തന്ത്രിയുടെ പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപമുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്.ഐ.ടി കോടതിയിൽ ചൂണ്ടിക്കാട്ടി.