എസ്.എൻ.ഡി.പിക്ക് മുസ്‍ലിം വിരോധമില്ല; സതീശന്റെ വാക്കുകളെ അവജ്ഞയോടെ തള്ളുന്നു – വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് മുസ്‍ലിം വിരോധമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‍ലിം ലീഗിനെതിരെ പറയുന്നത് മുസ്‍ലിം സമുദായത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻ.എസ്.എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.ഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരുമായുള്ള തുടർ ചർച്ചക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കും. വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്‍ലിം സംഘടനകൾ ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു. മുസ്‍ലിം ലീഗുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് അവർ മുന്നോട്ട് വന്നാൽ ആലോചിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ജമാഅത്തെ ഇസ്‍ലാമിയുമായും ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ഇന്ന് നടന്ന എസ്.എൻ.ഡി.പിയുടെ യോഗത്തിൽ എൻ.എസ്.എസ് ഐക്യം സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ഐക്യ നീക്കത്തിന് യോഗം പിന്തുണ അറിയിക്കുകയും ചെയ്തു.
