സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി പൊലീസ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

രാവിലെ 9.40ഓടെയാണ് കളമശേരി കൺവൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

 

കളമശേരി കൺവെൻഷൻ സെന്‍ററിൽ പൊട്ടിത്തെറിച്ചത് സ്ഫോടകവസ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന് കളമശേരിയിലെ സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്‍ററിൽ നടന്നത്. നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഹാളിൽ നിരനിരയായി കസേരയിട്ടാണ് ആളുകൾ ഇരുന്നിരുന്നത്.

 

പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വേദിക്ക് 20 മീറ്ററരികെ സ്ഫോടനമുണ്ടായതായി ദൃക്സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണടച്ചുള്ള പ്രാർഥനയായതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പുറത്തേക്ക് കടക്കാനായി ആളുകളുടെ തിക്കുംതിരക്കുമായിരുന്നു. കസേരയിട്ടതിനാൽ എളുപ്പം ഓടിരക്ഷപ്പെടാനും സാധിക്കുമായിരുന്നില്ല -ദൃക്സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *