‘എംഎൽഎയുടെ അപകടത്തിൽ ഖേദിക്കുന്നു; പരിപാടിക്ക് എല്ലാ അനുമതിയുമുണ്ട്’; കലൂര്‍ അപകടത്തില്‍ മൃദംഗ വിഷൻ

Mridanga Vision

തൃശൂർ: കലൂർ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടു നടക്കുന്നത് കുപ്രചാരണങ്ങളാണെന്ന് സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്പറേറ്റർ നികോഷ് കുമാർ. പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്കുണ്ടായ അപകടത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ അനുമതിയും വാങ്ങിയാണു പരിപാടി നടത്തിയത്. കുട്ടികളിൽനിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല. 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും നികോഷ് കുമാർ പറഞ്ഞു.Mridanga Vision

നിർഭാഗ്യവശാൽ അവിടെ എംഎൽഎയ്‌ക്കൊരു അപകടം സംഭവിച്ചു. അതിൽ ഞങ്ങൾ ഖേദിക്കുന്നു. എന്നാൽ, 12,000 കുടുംബങ്ങൾ പല രാജ്യങ്ങളിൽനിന്ന് വിമാനങ്ങളിലടക്കം എത്തിയവരുണ്ട്. അവരെ മടക്കി അയയ്ക്കാൻ കഴിയുമായിരുന്നില്ല. കമ്പനിക്ക് ഭീമമായ തുക നഷ്ടം വരും. അതുകൊണ്ടാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പരിപാടി മാത്രം പൂർത്തിയാക്കിയത്. ഇതിനുശേഷം നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോയായിരുന്നു നിശ്ചയിച്ചിരുന്നത്. അത് ഉപേക്ഷിച്ചു. മുക്കാൽ മണിക്കൂർ കൊണ്ട് പരിപാടി അവസാനിപ്പിച്ചുവെന്നും നികോഷ് കുമാർ പറഞ്ഞു.

”എല്ലാ അനുമതിയും തേടിയിട്ടുണ്ട്. അന്താരാഷ്ട്ര സ്റ്റേഡിയവും സൗകര്യങ്ങളുമാണുണ്ടായിരുന്നത്. കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങൾ നോക്കിയത്. അതിനുള്ള പണം അവർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ അനുമതിയും അവർ എടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ അറിയിച്ചത്.

ഞങ്ങൾക്കെതിരെ വരുന്നത് വ്യാജ ആരോപണങ്ങളാണ്. എല്ലാ പണ ഇടപാടും നടന്നത് ബാങ്ക് വഴിയാണ്. മൂന്നര കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്. കുട്ടികളുടെ കൂടി 10 ലക്ഷത്തോളം ചെലവായിട്ടുണ്ട്. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി.

ജിഎസ്ടി കിഴിച്ചുള്ള കണക്കാണ് 3.56 കോടി രൂപ. ഒരു രൂപ പോലും സാരി ഇനത്തിൽ അധികമായി വാങ്ങിയിട്ടില്ല. ജിഎസ്ടി കിഴിച്ച് ഒരാളിൽനിന്ന് 2,900 വാങ്ങി. അതിൽ സാരിയുടെ 390 രൂപയും ഉൾപ്പെടും. 1,600 രൂപ വാങ്ങിയ കണക്ക് ഞങ്ങൾക്ക് അറിയില്ല. ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തത്. 3,500 രൂപ ഞങ്ങളിലേക്ക് ഓൺലൈനായി അടയ്ക്കുകയായിരുന്നു ടീച്ചർമാരുടെ ഉത്തരവാദിത്തം.”

സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് പറഞ്ഞു. ഏത് വകുപ്പിനുമുൻപിലും എല്ലാ രേഖകളും സമർപ്പിക്കാൻ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസ് കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകൾ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകൾ ബുക്ക് മൈ ഷോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കുട്ടികൾക്കും വ്യക്തിപരമായി ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോർഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു.

ദിവ്യ ഉണ്ണി അടക്കമുള്ള കലാകാരികൾ പ്രതിഫലം വാങ്ങിയാണ് എത്തിയത്. പ്രതിഫലത്തുകയെക്കാൾ കലയോടുള്ള താൽപര്യമാണ് ദിവ്യ ഉണ്ണിയെ ഇത്തരമൊരു പരിപാടിയിലേക്ക് ആകർഷിച്ചത്.

പൊലീസ് സുരക്ഷയുടെ മേൽനോട്ടം മറ്റൊരാൾക്കായിരുന്നു. എത്ര പൊലീസ് ഉണ്ടായിരുന്നു എന്ന് അറിയില്ല. മതിയായ ആളുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അവരുടെ കൂടി സഹായത്തോടെയാണു പരിപാടി ഭംഗിയായി നടന്നതെന്നും നികോഷ് കുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *