ശബരിമല തീർഥാടനം; പൊലീസ് ഉദ്യോഗസ്ഥർ തീർഥാടകരോട് മാന്യമായി പെരുമാറണമെന്ന് എസ്.പി

പീരുമേട്: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് പൊലീസ് അവലോകന യോഗം നടത്തി. ശബരിമല ഡ്യൂട്ടി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥരുടെയും സംസാരം മാന്യമായിരിക്കണമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. നസീം നിർദേശം നൽകി. അയ്യപ്പഭക്തരെ സ്വാമി എന്നു മാത്രമേ അഭിസംബോധന ചെയ്യാവൂ, ഭക്തന്മാരെ ദൈവത്തിന്റെ പ്രതിരൂപമായി കാണണം. ഏറ്റവുമധികം അയ്യപ്പഭക്തർ റോഡ് മാർഗം കടന്നുവരുന്ന പ്രദേശമാണിത്. ആയതിനാൽതന്നെ ഒരു വീഴ്ചയും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. അയ്യപ്പഭക്തർ കുമളി കടക്കുന്നതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പൊലീസ് വാഹനങ്ങളുടെ പാർക്കിങ് അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ ക്രമീകരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
പൊലീസ് സേന സംഘടിപ്പിച്ച കൊക്കൂൺ സമിറ്റ് സൈബർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഏഴ് കുട്ടികൾക്കുള്ള പ്രശംസപത്രം ചടങ്ങിൽ എസ്.പി വിതരണം ചെയ്തു. ഇടുക്കി അഡീഷനൽ പൊലീസ് സൂപ്രണ്ട് സാം ജോസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി രാജൻ കെ. അരമന, പീരുമേട് ഡിവൈ.എസ്.പി പി.എസ്. ഷിജു, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. തീര്‍ഥാടന പാതയില്‍ പരിശോധന; 1,39,000 രൂപ പിഴ ചുമത്തി
വ്യാപാരികള്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന്
പീരുമേട്: ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് തീര്‍ഥാടകരുടെ സഞ്ചാരപാതയിലെ ഹോട്ടലുകളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ജില്ലയില്‍ 446 പരിശോധനകളാണ് വകുപ്പ് നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 54 പരിഹാര നിര്‍ദേശ നോട്ടീസുകളും 23 മെച്ചപ്പെടുത്തല്‍ നിര്‍ദേശ നോട്ടീസുകളും നല്കി. 96 നിയമാനുസൃത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. പഠനാവശ്യത്തിനായി 193 നിരീക്ഷണ സാമ്പിളുകളും ശേഖരിച്ചു. ജില്ല ഭക്ഷ്യസുരക്ഷ ഓഫിസര്‍ 1,39,000 രൂപ പിഴ ചുമത്തി.
ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനൊപ്പം പരാതികള്‍ അറിയിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറായ 1800-425-1125 രേഖപ്പെടുത്തിയ സ്റ്റിക്കറുകളും പതിച്ചു. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള പരിശീലന ക്ലാസ് തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുമളി പഞ്ചായത്ത് ഹാളില്‍ നടത്തും. വ്യാപാരികള്‍ പരിശീലന പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. പീരുമേട് ഭക്ഷ്യസുരക്ഷ ഓഫിസര്‍ ഡോ. എം. മിഥുന്, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ജോയ്സ് മരിയ ജോസഫ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
