സാമൂഹിക ഭദ്രതക്ക് എസ് പി സി കേഡറ്റുകൾ ശക്തമായ പിന്തുണ; പി കെ ബഷീർ എം എൽ എ
അരീക്കോട് :കൊണ്ടോട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 264 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സംയുക്ത പാസിങ് ഔട്ട് പരേഡ് അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പി കെ ബഷീർ എം എല്‍ എ മുഖ്യാതിഥി ആയിരുന്നു. സാമൂഹിക ഭദ്രതക്ക് എസ് പി സി കേഡറ്റുകൾ ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് എം എൽ എ പ്രസ്താവിച്ചു. അരീക്കോട്, കീഴുപറമ്പ്, ചാലിയപ്പുറം, ഒമാനൂർ, വാഴക്കാട്, ഇരുവേറ്റി ഹൈസ്കൂളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. അരീക്കോട്, വാഴക്കാട് പൊലീസ് സ്റ്റേഷനുകളിലെ എസ് ഐ മാരായ ആൽബിൻ തോമസ് വർക്കി, സുരേഷ് കെ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളെ രൂപപ്പെടുത്തിയെടുക്കാൻ സംസ്ഥാന സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി. പൗരബോധവും ലക്ഷ്യബോധവും ഉള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും, പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തുക, സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെടാനും മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും വിദ്യാർത്ഥികളെ പ്രാപതരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ വകുപ്പും പോലീസ് സേനയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , പി ടിഎ പ്രസിഡണ്ട് ഉമ്മർ ടി പി. പ്രിൻസിപ്പൽ മുഫീദ സി, ഹെഡ് മാസ്റ്റർ പി പി ദാവൂദ് , എസ് എം സി ചെയർമാൻ സുരേഷ് ബാബു.കെ, എസ് പി സി പി ടി എ പ്രസിഡന്റ് സിദ്ധീക്ക് എം പി പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പരേഡ് കമാൻഡർ കാർത്തിക് ജെ കെ,മിന്ന ഫാതിമ ടി പി തുടങ്ങിയവർക്കുള്ള ഉപഹാരങ്ങൾ എം എൽ എ സമർപ്പിച്ചു. ആറ് വിദ്യാലയങ്ങളിലെയും പ്രഥമ അദ്ധ്യാപകർ പി ടി എ പ്രതിനിധികൾ, ഡി ഐ മാർ, സി പി ഓ മാർ, മാനേജ്മെന്റ് പ്രതിനിധികൾ രക്ഷിതാക്കൾ, അദ്ധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഡോ. മുബഷിർ കെ പി നന്ദി പറഞ്ഞു.