കനത്ത മഴയിൽ വെള്ളത്തിലായി സംസ്ഥാനം; വിവിധ ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നു

State inundated by heavy rains; Camps were opened at various places

 

കൊച്ചി: കനത്ത മഴയിൽ വെള്ളക്കെട്ടായി മാറി കൊച്ചിയുമടക്കമുള്ള നഗരപ്രദേശങ്ങൾ. തൃശൂരിലും അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് വീണ്ടും വെള്ളം കയറി. ഐ.സി.യുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ആശുപത്രിയുടെ മുന്‍വശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായതെന്ന് പറയുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി.

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ പെയ്ത പെരുമഴ തിരുവനന്തപുരം നഗരത്തെ അക്ഷരാർത്ഥത്തിൽ വെള്ളക്കെട്ടിൽ ആഴ്ത്തി. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. തലസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിനെയും വെള്ളക്കെട്ട് സാരമായി ബാധിച്ചു. പട്ടം, ഗൗരീശപട്ടം, പഴവങ്ങാടി, എസ് എസ് കോവിൽ റോഡ്, ബണ്ട് റോഡ്, കഴക്കൂട്ടം സർവീസ് റോഡ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജന ജീവിതവും ദുസ്സഹമായി. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലത്ത് 8 ക്യാമ്പുകളിലായി 877 പേരെയും, തിരുവനതപുരടത്ത് 5 ക്യാമ്പുകളിലായി 31 പേരെയുമാണ് മാറ്റിപാർപ്പിച്ചത്.

കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ലയിലാകെ 17 ക്യാമ്പുകളിലായി 398 പേർ ദുരിതാശ്വാസ ക്യാമ്പിൽ. വിജയപുരം പഞ്ചായത്തിലെ കോശമറ്റം കോളനിയിൽ വെള്ളം കയറി. വിജയപുത്ത് മൂന്ന് ക്യാമ്പുകൾ തുറന്നു. മഴ ശമിച്ചെങ്കിലും കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയത് താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി.

പത്തനംതിട്ടയിലും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. കവിയൂർ 6 കുടുംബത്തിലെ 17 പേരും തിരുമൂലപുരം ഒരു കുടുംബത്തിലെ 3 പേരും ക്യാമ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *