അരിക്കാഞ്ചിറയിൽ വീണ്ടും തെരുവുനായ് ആക്രമണം; വീട്ടുമുറ്റത്ത് യുവാവിന് കടിയേറ്റു

തിരൂർ: വെട്ടം അരിക്കാഞ്ചിറയിൽ വീണ്ടും തെരുവുനായ, ആക്രമണത്തെ തുടർന്ന് യുവാവിന് കടിയേറ്റു. അരിക്കാഞ്ചിറ സ്വദേശി പാലപ്പറമ്പത്ത് ബിജുവിനെയാണ് (40) തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബിജുവിന്റെ കാലിലാണ് കടിയേറ്റത്. ബിജുവിനെ തിരൂർ ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരിക്കാഞ്ചിറയിൽ തന്നെ ബുധനാഴ്ച വിദ്യാർഥിക്കുൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അരിക്കാഞ്ചിറ സ്വദേശിനി ചെമ്പയിൽ ജമീല (55), മങ്ങാട്ടയിൽ ജംഷീറിന്റെ മകൻ ഉവൈസ് (9) എന്നിവർക്ക് കടിയേറ്റിരുന്നത്. രാത്രി ഒമ്പതോടെ അച്ചനാട്ടിൽ മുസ്തഫയെയും (57) തെരുവുനായ് ആക്രമിച്ചിരുന്നു. ജമീല കുട്ടികളെ സ്കൂൾ ബസിൽ കയറ്റാൻ പോയി തിരിച്ചുവരുന്നതിനിടെയും ഉവൈസ് സമീപത്തെ കടയിൽപോയി തിരിച്ചുവരുമ്പോഴും മുസ്തഫ പള്ളിയിൽനിന്ന് വരുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് തെരുവുനായ് ആക്രമണം വർധിച്ചതോടെ ഭീതിയിലാണ് നാട്ടുകാർ.
