തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടി; ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ മാറ്റി

Strict action taken against sectarianism in Thiruvalla CPI(M); Town North local secretary transferred

 

തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയതയില്‍ കടുത്ത നടപടി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ കെ. കെ. കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനോ മാത്യുവിനാണ് താല്‍ക്കാലിക ചുമതല. അലങ്കോലമായ ലോക്കല്‍ സമ്മേളനം 9ാം തിയതി വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീതും നല്‍കിയിട്ടുണ്ട്. നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.

അതേസമയം, തിരുവല്ല സിപിഐഎമ്മിലെ സംഘടന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

തിരുവല്ലയില്‍ വിഭാഗീയതയല്ല ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സ്വാഭാവികമായും ചില സമ്മേളനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരുമെന്നും അത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് സമ്മേളനങ്ങളെല്ലാം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന പേരില്‍ പുറത്തുവന്നത് സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അല്ലെന്നും കെപി ഉദയഭാനു വ്യക്തമാക്കി. ലോക്കല്‍ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രതിനിധികളില്‍ നിന്ന് തിരികെ വാങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഉള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകാതിരിക്കാനാണ് നോര്‍ത്ത് ടൗണ്‍ ലോക്കല്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് തിരികെ വാങ്ങിയത്. ഈ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിക്കുകയും ചെയ്തു.

രൂക്ഷമായ വിഭാഗീയത നിലനില്‍ക്കുന്ന തിരുവല്ല ഏരിയ കമ്മറ്റിയിലെ നോര്‍ത്ത് ടൗണ്‍ ലോക്കല്‍ സമ്മേളനം നടത്താനാകാത്ത അവസ്ഥ നിലനിന്നിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആക്ഷേപം റിപ്പോര്‍ട്ടില്‍ ഉന്നിയിക്കുന്നുണ്ട്. പീഡന കേസില്‍ പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജിമോനെതിരെ നടപടി എടുത്ത തോമസ് ഐസക്കിനോട് കടുത്ത വിരോധം. പീഡനക്കേസ് പ്രതിയായ നേതാവിനെ സംരക്ഷിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ – തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്.

ടൗണ്‍ നോര്‍ത്തിലെ പാര്‍ട്ടി രണ്ട് വിഭാഗത്തിലാണ് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പീഡനക്കേസ് പ്രതിയായ സജിമോനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും എതിര്‍ക്കുന്ന മറ്റൊരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. സജിമോനും ഇയാളെ അനുകൂലിക്കുന്ന മറ്റ് നേതാക്കളും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, നിര്‍ത്തിവെച്ച ലോക്കല് സമ്മേളനം വീണ്ടും നടത്താന്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *