വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും : മന്ത്രി ജി.ആർ അനിൽ

price rise

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലാന്റ് റവന്യു കമ്മീഷണർ, ജില്ലാ കലക്ടർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽസപ്ലൈസ് കമ്മീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.price rise

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതലത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത കമ്മിറ്റി നാലുമാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവർധനവ് പ്രകടമായിരുന്നു. കേരളത്തിലും സ്വാഭാവികമായി ഇത് പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി , വെളിച്ചെണ്ണ, ചെറുപയർ, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.

പഴം, പച്ചക്കറികൾ, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങൾക്കും ആഗസ്റ്റ് മാസത്തിൽ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ആന്ധ്ര(5.87), ബീഹാർ (6.37), കർണാടക(5.98), ഒഡീഷ(7.22), കേരളം(5.83), ഉതപാദക സംസ്ഥാനങ്ങളേക്കാൾ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്ക്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൈസ് റിസേർച്ച് & മോണിട്ടറിങ് സെൽ അവശ്യസാധങ്ങളുടെ വിലനിലാവരം പരിശോധിച്ച് സർക്കാരിന് കൃത്യമായി റിപ്പോർട്ട് സമർപ്പിച്ചുവരുന്നുണ്ട്. കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളിൽ വിലവർധന്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാൻ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലകളിൽ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, എ.ഡി.എം , ആർ.ഡി.ഒ , അസിസ്റ്റന്റ് കലക്ടർമാർ എന്നിവർ ജില്ലകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകണം. വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഓണത്തിന് ജില്ലകളിൽ ഭക്ഷ്യ വകുപ്പ്, റവന്യൂ, പൊലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *