കൂട്ടായ്മയുടെ ഭക്ഷ്യമേളയൊരുക്കി വിദ്യാർത്ഥികൾ; ഉത്സവപ്രതീതിയിൽ അരീക്കോട്
അരീക്കോട് : അഞ്ചു വർഷങ്ങൾക്കു മുൻപ് നിർദ്ധനരായ തങ്ങളുടെ സഹപാഠികൾക്ക് വീട് ഒരുക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ‘കൂട്ടായ്മയുടെ കൈപ്പുണ്യം’ ഭക്ഷ്യ മേളയുടെ രണ്ടാം പതിപ്പുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. കൂട്ടായ്മയുടെ കൈപ്പുണ്യം എന്ന പേരിൽ നടത്തിയ ഭക്ഷ്യമേള, അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മേള സംഘടിപ്പിച്ചത്. 2018 ഡിസംബറിൽ നടന്ന ഭക്ഷ്യമേളയുടെ ഒന്നാം പതിപ്പിൽ സമാഹരിച്ച പണം കൊണ്ട് 7 കുട്ടികൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ‘പ്രൗഢം’ സ്കൂൾ നവീകരണ പദ്ധതിയിലേക്ക് ധനസമാഹരണമാണ് ഇത്തവണ ഭക്ഷ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. വലിയ ജനകീയ പങ്കാളിത്തത്തോടെ കൂടിയാണ് മേള സംഘടിപ്പിച്ചത്. മേളയിൽ സ്റ്റാളുകൾ ഒരുക്കിയത് സ്കൂളിലെ അൻപത് ക്ലാസ്സുകളാണ്. ഇവക്ക് പുറമേ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവാധ്യാപക-അനധ്യാപകർ, സ്കൂൾ സ്റ്റാഫ്, എം പി ബി ഗ്രൂപ്പ്, ആസ്റ്റർ മദർ മിംസ് എന്നിവരും സ്റ്റാളുകൾ ഒരുക്കിയിരുന്നു. വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ട് വരുന്ന ഭക്ഷ്യവിഭവങ്ങൾക്ക് പുറമേ ലൈവ് കൗണ്ടറുകളും സജീവമായിരുന്നു. പുതുമയാർന്ന സ്റ്റാർട്ടറുകളിൽ തുടങ്ങി വ്യത്യസ്തയിനം ജ്യൂസുകൾ, ബിരിയാണികൾ, സ്നാക്ക്സ്, ബ്രെഡ് ഐറ്റംസ്, ചിക്കൻ വിഭവങ്ങൾ, സീ ഫുഡ്, ഡെസ്സർട്ട് ഐറ്റംസ്, കേക്ക്, നാടൻ വിഭവങ്ങൾ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ വൈവിധ്യങ്ങളുടെ വൻ ശേഖരം സംഘാടകർ ഒരുക്കിയിരുന്നു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടത്തിയതന്ന് സംഘടകർ അറിയിച്ചു.
ഭിന്നശേഷി സൗഹൃദ നഗരിയാണ് മേളക്കായി ഒരുക്കിയിരുന്നത്. നഗരിയെ കൂടുതൽ ആകർഷണീയമാക്കുന്നതിനു വേണ്ടി ദീപാലംകൃതമായ തോരണങ്ങളും രൂപങ്ങളും സെൽഫി കോർണറുകളും സജ്ജമാക്കിയിരുന്നു. നഗരിയിൽ എത്തുന്നവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളും എന്റർടൈൻമെന്റ് പ്രോഗ്രാമുകളും, ഗസൽ ഗാനമേളയും ഉണ്ടായിരുന്നു. തിരക്കൊഴിവാക്കാൻ ഓരോ കൗണ്ടറുകളിലും പാർസൽ സൗകര്യം ലഭ്യമാക്കി. കുടുംബസമേതം ഇരുപതിനായിരത്തിൽ അധികം ആളുകളാണ് ഭക്ഷ്യമേളയിലേക്ക് എത്തിയത്. ട്രോമോ കെയർ വളണ്ടിയർമാരാണ് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത്. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംരംഭമായ കോഴിക്കോട് മലബാർ മസാല ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടിയാണ് മേള സംഘടിപ്പിച്ചത്.
അരീക്കോട്ടെ പഴയ പാചകക്കാരെയും, സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നവരെയും ചടങ്ങിൽ ആദരിച്ചു.
വിശിഷ്ടാതിഥികളായി പാരഗൺ ഗ്രൂപ്പ് റസ്റ്റോറൻസ് സി ഇ ഒ സുമേഷ് ഗോവിന്ദ്, റഹ്മത്ത് ഹോട്ടൽ എംഡി മുഹമ്മദ് സുഹൈൽ ടിവി, ഫോക്കസ് മാൾ സിഇഒ കെ കെ അബ്ദുസ്സലാം, അകോൺ ഗ്രൂപ്പ് ഓഫ് ഹോൾഡിങ് സിഇഒ ഡോ.ഷുക്കൂർ കിനാലൂർ, മലബാർ മസാല ഹോട്ടൽ എംഡിമാരായ ഷബീർ കെ ജസീർ കെ, ലിറ്റിൽ ഷെഫ് കിച്ച ( നിഹാൽ രാജ് ) എന്നിവർ പങ്കെടുത്തു.