ഈ വർഷം പഠനോപകരണങ്ങൾ നൽകും; മുക്കം കരുണ ഫൗണ്ടേഷൻ
കോഴിക്കോട്: മുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തിൽ ആയിരം നിർധന കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ നൽകും. പുസ്തക വണ്ടി – 24 നാമകരണം ചെയ്ത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ബ്രോഷർ പ്രകാശനം പ്രമുഖ സംരംഭകനും മലബാർ ഓഫ് കൊമേഴ്സ് പ്രസിഡണ്ടുമായ എം എ മെഹബൂബ് നിർവഹിച്ചു. ചടങ്ങിൽ കരുണാ ഫൗണ്ടേഷൻ സെക്രട്ടറി അബൂബക്കർ മാസ്റ്റർ കൂളിമാട് നിർവാഹക സമിതി അംഗങ്ങളായ ഡോ: ഒസി അബ്ദുൽ കരീം ,പി എം അബ്ദുനാസർ, പി സി അബ്ദുറഹ്മാൻ, മജീദ് പുളിക്കൽ എന്നിവർ സംബന്ധിച്ചു.18 വർഷക്കാലമായി മുക്ക ത്തെയും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ കരുണാ ഫൗണ്ടേഷന്റെ ഇടപെടലുകൾ നിസ്തുലവും മാതൃകാപരവും ആണെന്ന് എം എ മഹ്ബൂബ് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധികൾ ഗ്രാമാന്തരങ്ങളിലും കോളനികളിലും നേരിട്ട് ചെന്ന് സർവ്വേ നടത്തി ഏറ്റവും അർഹരായവരെ കണ്ടെത്തി ഗുണഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് പഠനോപകരണങ്ങൾ എത്തിക്കുന്ന ഏറ്റവും വ്യവസ്ഥാപിതമായ വിതരണ രീതിയാണ് കരുണാ ഫൗണ്ടേഷൻ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ഈ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി മാതൃകാപരവും മഹനീയവുമാണെന്നും ഈ മഹത്തായ സദുദ്യമത്തോട് മുഴുവൻ സുമനസ്സുകളും സഹകരിക്കണമെന്നും എം.എ മഹബൂബ് അഭിപ്രായപ്പെട്ടു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോളനികൾ കേന്ദ്രീകരിച്ചും പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും കരുണ ഫൗണ്ടേഷന്റെ പുസ്തക വണ്ടി പ്രയാണം പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.