നിക്ഷേപകന്റെ ആത്മഹത്യ; ചെമ്പഴന്തി സഹകരണസംഘം പ്രസിഡന്റ് അണിയൂർ ജയന് സസ്‌പെൻഷൻ
തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് അണിയൂർ ജയനെ സസ്പെൻഡ് ചെയ്തു. സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.Investor
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിസിസിക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ എന്ന് ഡിസിസി പ്രസിഡൻ്റ് പാലോട് രവി പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന്റേത്.
ബാങ്ക് പ്രസിഡന്റിന്റെ പേരെഴുതി ആത്മഹത്യ ചെയ്ത തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ ഇന്ന് പ്രതിഷേധിച്ചിരുന്നു. ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ബാങ്ക് പ്രസിഡണ്ട് ജയകുമാറിനെതിരെയാണ് ആരോപണം. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ജയകുമാർ എന്ന് എഴുതിയിരുന്നു. ബാങ്ക് പ്രസിഡൻറ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു മൃതദേഹവുമായി ബിജെപി പ്രവർത്തകരുടെയും ബന്ധുക്കളുടെയും പ്രതിഷേധം.
അതേസമയം, എന്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഡ് ചെയ്തതെന്ന് അറിയില്ലെന്ന് അണിയൂർ ജയൻ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി നടപടി എടുത്താൽ അത് അനുസരിക്കാൻ തയ്യാറാണ്. ബിജുവിന്റെ മരണത്തിൽ പങ്കുണ്ടന്ന് തെളിഞ്ഞാൽ കൊലക്കുറ്റത്തിന് കേസ് എടുക്കട്ടെ. ഇ.ഡിയെ അന്വേഷണം പോലും സ്വാഗതം ചെയ്യുന്നുവെന്നും അണിയൂർ ജയൻ പറഞ്ഞു.